അബുദാബി : ഭീകരവാദത്തിന് സാമ്പത്തികസഹായം ലഭ്യമാകുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും തടയുന്നതിനായി ശക്തമായ പദ്ധതികളുമായി യു.എ.ഇ.

വിദേശകാര്യ, അന്താരാഷ്ട്ര സഹകരണവകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതുസംബന്ധിച്ച ഫൈനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ നിരീക്ഷണ റിപ്പോർട്ട് പരിശോധിച്ചു. ഭീകരവാദത്തിനും കള്ളപ്പണത്തിനുമെതിരേ വിവിധ വകുപ്പുകൾ കൈക്കൊള്ളുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണം നടന്നു.

സാമ്പത്തികകാര്യ മന്ത്രി ഒബൈദ് അൽ തയർ, നിയമവകുപ്പ് മന്ത്രി സുൽത്താൻ സായിദ് അൽ ബാദി, സാമൂഹിക വികസന മന്ത്രി ഹെസ ബുഹുമൈദ്, ധനമന്ത്രി അബ്ദുല്ല ബിൻ താരിഖ് അൽ മാരി, സ്റ്റേറ്റ് മന്ത്രി അഹമ്മദ് ബിൻ അലി അൽ സയേഗ്, യു.എ.ഇ സെൻട്രൽ ബാങ്ക് ഗവർണർ ജനറൽ ഖാലിദ് ബലാമ അൽ തമീമി, കസ്റ്റംസ് അതോറിറ്റി ചെയർമാൻ അലി സായിദ് മതാർ അൽ സയിദി, സ്റ്റേറ്റ് സെക്യൂരിറ്റി വകുപ്പ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ തലാൽ അൽ ഫലാസി, ദുബായ് പോലീസ് ചീഫ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി എന്നിവർ പങ്കെടുത്തു.