അബുദാബി : നാലര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കണ്ണൂർ സ്വദേശി സിദ്ദീഖ് നാടണഞ്ഞു. 19-ാം മത്തെ വയസ്സിലാണ് അദ്ദേഹം അബുദാബിയിലെത്തുന്നത്.

കണ്ണൂരിൽനിന്ന് ബസിൽ ബോംബെയിലേക്കും അവിടെനിന്ന് വിമാനത്തിൽ യു.എ. ഇ. യിലേക്കും.

മലയാളികളുടെ ഗൾഫ് കുടിയേറ്റം കേരളത്തിന്റെ വളർച്ചയ്ക്ക് കരുത്തേകിയ 1970 കാലഘട്ടത്തിലായിരുന്നു യാത്ര. യു.എ.ഇ. ആംഡ് ഫോഴ്‌സിൽ ഡോക്യുമെന്റ് കൺട്രോളറായിട്ടായിരുന്നു ആദ്യ ജോലി. സ്വദേശിവത്കരണത്തിന്റെ ഭാഗമായി 29 വർഷത്തെ സേവനത്തിന് ശേഷം ആംഡ് ഫോഴ്സിലെ ജോലി നിർബന്ധിതമായി ഉപേക്ഷിക്കേണ്ടിവന്നു. ശേഷം അബുദാബി അൽ ജിക്കോയിൽ പുതിയ ജോലിയിലേക്ക്. 15 വർഷം അവിടെ ജോലി ചെയ്താണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാടണയുന്നത്.

ഒമ്പതുവർഷമായി ഭാര്യ സാഹിറയും മകൻ സീഷനും ഭാര്യ അഫ്റായും മകന്റെ കുട്ടികളും സിദ്ദീഖിനൊപ്പമാണ് താമസം. വിശ്രമജീവിതത്തിൽ മകൾ സദാഫിനും മരുമകൻ ഡോ. ഷംസീറിനും പേരക്കുട്ടികൾക്കുമൊപ്പം നാട്ടിൽ സമയം ചെലവഴിക്കണമെന്ന ആഗ്രഹമുണ്ട്. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കാലം മുതൽ ഈ നാടിന്റെ വളർച്ചയും കരുതലും അനുഭവിക്കുന്ന അദ്ദേഹത്തിന്റെ മടക്കം സംതൃപ്തിയോടെയാണ്. മുസഫയിലെ പ്രവാസി ശ്രീ സംഘടന, അബുദാബി അൽ ബഹിയയിലെ വിവിധ പ്രാദേശിക ഗ്രൂപ്പുകൾ എന്നിവ സിദ്ദീഖിന് യാത്രയയപ്പ് നൽകി.