ദുബായ് : ലോകമഹാമേളയായ എക്സ്‌പോ 2020 ദുബായിക്ക് മുന്നോടിയായുള്ള കോവിഡ് സുരക്ഷാ നടപടികൾ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടെത്തി വിലയിരുത്തി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിരിക്കുന്ന ടീമംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ചനടത്തി.

മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസിലെയും വിവിധ ഫീൽഡ് ടീമുകളുടെ പ്രതിനിധികളുമായും സംസാരിച്ചു. സ്വീകരിച്ചിരിക്കുന്ന കോവിഡ് സുരക്ഷാ നടപടികളെക്കുറിച്ച് സംഘം ഭരണാധികാരിക്ക് വിശദീകരിച്ചു. ആഗോളപരിപാടി നടത്താൻ ബന്ധപ്പെട്ട അധികാരികളുമായുള്ള സഹകരണവും ഏകോപനവും ഉപയോഗിച്ച് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എക്സ്പോയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി സ്വീകരിച്ച നടപടികളിൽ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. എക്സ്‌പോക്ക്‌ മുൻപ് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കണമെന്നും നിർദേശിച്ചു.

എക്സ്പോ സുരക്ഷിതമായി സംഘടിപ്പിക്കാനായുള്ള ക്രമീകരണങ്ങളിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്ലാ എക്സ്‌പോ സന്ദർശകർക്കും ഏറ്റവും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ വർധിപ്പിക്കണമെന്ന് ടീമംഗങ്ങൾക്ക് നിർദേശം നൽകി. യു.എ.ഇ.യിലെ കോവിഡ് വാക്സിനേഷനെക്കുറിച്ചും ശൈഖ് മുഹമ്മദ് വിശദീകരിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും കോവിഡ് വാക്സിനുകൾ എളുപ്പത്തിലും സൗജന്യമായും ലഭ്യമാക്കുന്നതിനുള്ള കാമ്പയിനെ പ്രശംസിക്കുകയും ചെയ്തു. ശൈഖ് മക്തൂം, മൻസൂർ ബിൻ മുഹമ്മദ് എന്നിവരും ശൈഖ് മുഹമ്മദിനെ അനുഗമിച്ചിരുന്നു.