ദുബായ് : ഹത്തയിൽ ലൈസൻസില്ലാതെ കാറോടിച്ച സംഭവത്തിൽ കുട്ടികൾ പിടിയിലായി.

നാലു കുട്ടിഡ്രൈവർമാരാണ് പോലീസ് നടത്തിയ പരിശോധനയിൽ പിടിയിലായതെന്ന് ഹത്ത പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ മുബ്‌റ അൽ ഖുത്ത്ബി പറഞ്ഞു. രക്ഷിതാക്കളുടെ അറിവില്ലാതെയാണ് 13-നും 16-നും ഇടയിൽ പ്രായമുള്ള കുട്ടികൾ വാഹനം ഉപയോഗിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഗതാഗത നിയമലംഘനങ്ങൾക്ക് തുടർനടപടി സ്വീകരിക്കാൻ ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

കുട്ടികളുടെ കാര്യത്തിൽ എപ്പോഴും അതീവ ശ്രദ്ധവേണമെന്നും ലൈസൻസില്ലാതെ വാഹനം ഓടിക്കാൻ അവരെ അനുവദിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന റേസിങ് പോലുള്ള കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ കുട്ടികൾക്ക് അവബോധംനൽകണം. രക്ഷിതാക്കളുടെ പിന്തുണയും അത്യാവശ്യമാണ്. അതില്ലാതെ നിയമപാലകർക്ക് മാത്രം ഇത്തരം പ്രവണതകൾക്ക് തടയിടാൻ കഴിയില്ലെന്നും പോലീസ് അറിയിച്ചു.

യു.എ.ഇ.യിലെ ഫെഡറൽ നിയമം അനുസരിച്ച് ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നയാളിന് 50,000 ദിർഹം വരെ പിഴയോ അല്ലെങ്കിൽ മൂന്നുമാസംവരെ ജയിൽ ശിക്ഷയോ അല്ലെങ്കിൽ ഇവ രണ്ടുംകൂടിയോ ലഭിക്കും.