ദുബായ് : എക്സ്‌പോ 2020 ദുബായ് വേദിയിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) ആരംഭിച്ചു. പ്രധാന കവാടം മുതൽ സ്റ്റാഫ് ഓഫീസുകൾ വരെയുള്ള സമർപ്പിത പാതയിലൂടെയായിരുന്നു വാഹനത്തിന്റെ സഞ്ചാരം.

ഹരിത സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളുടെ ഭാഗമായാണ് സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയെന്ന് ആർ.ടി.എ. പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സി.ഇ.ഒ. അഹമ്മദ് ബഹ്രോസ്യാൻ പറഞ്ഞു. പരീക്ഷണ ഓട്ടത്തിനായി ഉപയോഗിക്കുന്ന വാഹനം ഗ്രീൻ ടെക്‌നോളജികൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

വൈദ്യുതി ഉപയോഗിച്ച് 16 മണിക്കൂർവരെ പ്രവർത്തിക്കും. 15 പേർക്ക് വരെ യാത്രചെയ്യാം. 10 പേർക്ക് ഇരുന്നും അഞ്ചുപേർക്ക് നിന്നുമാണ് യാത്രചെയ്യാനാവുക. 25 മുതൽ 40 കിലോമീറ്റർ വേഗതയിലായിരിക്കും സഞ്ചരിക്കുക. വിപുലമായ സെൻസറിങ് സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിനുമുന്നിൽ തടസ്സമാകുന്ന വസ്തുക്കളെ നിരീക്ഷിക്കാനും വാഹനവേഗത നിയന്ത്രിക്കാനും ഇതിലൂടെയാവും. ഏതാനും വർഷങ്ങൾക്കുള്ളിൽ ദുബായ് ടാക്സി നിരയിലെ അഞ്ചുശതമാനം സെൽഫ് ഡ്രൈവ് വാഹനങ്ങൾ ആകുമെന്നാണ് പ്രതീക്ഷ.

ദുബായ് ടാക്സി കോർപ്പറേഷന്റെ (ഡി.ടി.സി.) തന്ത്രപരമായ പദ്ധതി 2021-2023-ന്റെ ഭാഗമായാണ് പ്രഖ്യാപനം. നിർമിതബുദ്ധി, സ്മാർട്ട് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ടാക്സി മേഖലയെ അപ്പാടെ മാറ്റിമറിക്കാനാണ് ആർ.ടി.എ. ലക്ഷ്യമിടുന്നത്. 2023-ഓടെ 4000-ത്തോളം സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ നിരത്തിലിറക്കാനാണ് പദ്ധതിയിടുന്നത്. അതോടെ അമേരിക്കയ്ക്ക് പുറത്ത് അത്തരം വാഹനങ്ങൾ ഓടുന്ന ആദ്യനഗരമായി ദുബായ് മാറും. 2023-ഓടെ എമിറേറ്റിലെ ഗതാഗത ചെലവ് 90 കോടി ദിർഹം കുറയ്ക്കും. പരിസ്ഥിതി മലിനീകരണത്തിൽ 12 ശതമാനം കുറച്ചുകൊണ്ട് പ്രതിവർഷം 150 കോടി ദിർഹം ലാഭിക്കാനും 1800 കോടി ദിർഹം പുതുതായി ഉണ്ടാക്കാനും ശ്രമിക്കും. ദുബായിലെ ഗതാഗതമേഖലയുടെ കാര്യക്ഷമത വർധിപ്പിച്ചുകൊണ്ട് വാർഷികസാമ്പത്തിക വരുമാനം കൂട്ടും.