മുംബൈ : ഗൂഗിളുമായി ചേർന്ന് അവതരിപ്പിക്കാനിരുന്ന ചെലവുകുറഞ്ഞ ആൻഡ്രോയിഡ് സ്മാർട്ട്ഫോണായ ജിയോഫോൺ നെക്സ്റ്റ് പുറത്തിറക്കുന്നത് ദീപാവലി വരെ നീട്ടിയതായി റിലയൻസ് ജിയോ അറിയിച്ചു.

ഗണേശ ചതുർഥി ദിനമായ സെപ്റ്റംബർ പത്തിന് ഫോൺ പുറത്തിറക്കുമെന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി പറഞ്ഞിരുന്നത്. എന്നാൽ ചിപ്പ്‌ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഇതു നീട്ടുകയായിരുന്നു.

ഗൂഗിളുമായി ചേർന്ന് ഡിസൈൻ ചെയ്തിരിക്കുന്ന ഫോൺ രാജ്യത്തെ 2 ജി ഉപഭോക്താക്കളെ 4 ജി സേവനത്തിലേക്ക് മാറ്റാൻ ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നത്. പുതിയ സമയക്രമം പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് വളരെ കുറച്ച് ഉപഭോക്താക്കളെവെച്ച് ഫോണിന്റെ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നു. ഇത് അവസാന ഘട്ടത്തിലാണ്.

ദീപാവലിയുടെ സമയത്ത് ഇത് വിപണിയിൽ ലഭ്യമാക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് കമ്പനി അറിയിച്ചു. ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന 30 കോടിയോളം ആളുകളെ ലക്ഷ്യമിട്ടാണ് ജിയോഫോൺ നെക്സ്റ്റ് എത്തുന്നത്. ഇതുവഴി ജിയോയുടെ വരിക്കാരുടെ എണ്ണം 50 കോടിയിലെത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.