മുംബൈ : ഐ.പി.ഒ.യുമായി ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള ചർച്ചകൾ സജീവമാക്കി ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ സ്റ്റാർട്ട്‌ അപ്പായ ബൈജൂസ്. മോർഗൻ സ്റ്റാൻലി, സിറ്റി ഗ്രൂപ്പ്, ജെ.പി. മോർഗൻ ചേസ് ആൻഡ് കമ്പനി തുടങ്ങിയ ബാങ്കുകളാണ് ബൈജൂസിന്റെ ഐ.പി.ഒ.യുമായി ബന്ധപ്പെട്ട ചർച്ചകളുമായി രംഗത്തുള്ളത്. ഇതിനുമുമ്പായി 40മുതൽ 60വരെ കോടി ഡോളർ (ഏകദേശം 3000മുതൽ 4500 കോടി രൂപ) മൂലധനം സമാഹരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിനുശേഷം അടുത്തവർഷം പകുതിയോടെ ഐ.പി.ഒ. നടത്തുന്നതാണ് പരിഗണിക്കുന്നതെന്ന് ‘ബ്ലൂംബെർഗി’ന്റെ റിപ്പോർട്ടിൽ പറയുന്നു.

പുതിയ മൂലധനസമാഹരണത്തോടെ കമ്പനിയുടെ മൂല്യം 2100 കോടി ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. അടുത്തിടെ 15 കോടി ഡോളർ കമ്പനി സമാഹരിച്ചിരുന്നു. ഇതുവഴി കമ്പനിയുടെ മൂല്യം 1687 കോടി ഡോളറിലെത്തിയിട്ടുണ്ട്. 2020-2021 വർഷങ്ങളിലായി ബൈജൂസിലേക്ക് വൻതോതിൽ മൂലധനനിക്ഷേപം ഒഴുകിയെത്തിയിരുന്നു. ഇതിൽ ഭൂരിഭാഗം തുകയും വിവിധ ഏറ്റെടുക്കലുകൾക്കാണ് ചെലവഴിച്ചത്.

ആകാശ് എജ്യുക്കേഷണൽ സർവീസസ്, എപിക്, ഗ്രേറ്റ് ലേണിങ് പോലുള്ള സ്ഥാപനങ്ങളെ ഏറ്റെടുത്തതുവഴി 2022 സാമ്പത്തികവർഷം മൊത്തം വരുമാനം 10,000 കോടി രൂപയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2020 സാമ്പത്തികവർഷം മൊത്തം വരുമാനം 2380.7 കോടി രൂപയാണ്. ഇതിൽ 144 കോടി ട്യൂഷൻ ഫീസിനത്തിലും 1675 കോടി ടാബ്‌ലറ്റ്, എസ്.ഡി. കാർഡ് എന്നിവയുടെ വിൽപ്പനയിലൂടെയും 560 കോടി റഫറൻസ് പുസ്തകങ്ങളുടെ വിൽപ്പനവഴിയും ലഭിച്ചതാണ്. 2019 സാമ്പത്തികവർഷം വരുമാനം 1281 കോടിയായിരുന്നു.