ദുബായ് : ആഗോളപരിസ്ഥിതി സംഘടനയായ ഇന്റർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചറിന്റെ പ്രസിഡന്റായി സ്വദേശി വനിത റസാൻ അൽ മുബാറഖ് തിരഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസിലെ മാർസെയ്‌ലിൽ നടന്ന വേൾഡ് കൺസർവേഷൻ കോൺഗ്രസിലാണ് തീരുമാനം. മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ടിന്റെയും അബുദാബി പരിസ്ഥിതി ഏജൻസിയുടെയും മാനേജിങ് ഡയറക്ടർ കൂടിയാണ് റസാൻ. യൂണിയന്റെ നേതൃനിരയിലേക്ക് 72 വർഷത്തിനിടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതയും 1978-ന് ശേഷം പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന അറബ് മേഖലയിൽനിന്നുള്ള വ്യക്തിയുമാണ് അവർ.

യൂണിയന്റെ 15-മത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും സുസ്ഥിരതയിലൂന്നിയ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. അബുദാബി പരിസ്ഥിതി ഏജൻസിയുടെ സെക്രട്ടറി ജനറലായി 2010-ൽ ചുമതലയേൽക്കുമ്പോൾ സർക്കാർഏജൻസിയുടെ തലപ്പത്തെത്തുന്ന പ്രായംകുറഞ്ഞ വ്യക്തികൂടിയായിരുന്നു റസാൻ.

ആശംസകളോടെ ഭരണാധികാരികൾ

ഇന്റർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റസാൻ അൽ മുബാറക്കിന് അഭിനന്ദനം അറിയിച്ച് യു.എ.ഇ ഭരണാധികാരികൾ. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ആശംസകളറിയിച്ചു.

തങ്ങളുടെ എല്ലാ ദേശീയ പ്രവർത്തകരിലും രാജ്യത്തിന്റെ പാരിസ്ഥിതിക നേട്ടങ്ങളിലും അഭിമാനിക്കുന്നു. രാജ്യത്തെ എല്ലാ പെൺകുട്ടികളിലും യു.എ.ഇ. അഭിമാനം കൊള്ളുന്നുവെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. റസാൻ അൽ മുബാറഖിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

റസാൻ അൽ മുബാറഖിന്റെ നിയമനം ലോകത്തിലെ പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് തനിക്കുറപ്പുള്ളതായി അബുദാബി കിരീടാവകാശി അഭിപ്രായപ്പെട്ടു.