ദുബായ് : ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് യു.എ. ഇ.യുടെ സഹായം തുടരുന്നു. ഭക്ഷണവും ചികിത്സാസഹായവും വഹിച്ചുള്ള യു.എ.ഇ.യുടെ ഏഴാമത് വിമാനം അഫ്ഗാനിസ്താനിലേക്ക് പറന്നു. പ്രയാസകരമായ സാഹചര്യത്തിൽ അഫ്ഗാനിസ്താനിലെ ജനങ്ങളെ സഹായിക്കുന്നതിനും മരുന്നുകളുടെയും ഭക്ഷണത്തിന്റെയും കുറവ് പരിഹരിക്കുന്നതിനും യു.എ.ഇ.യുടെ നിരന്തരമായ മാനുഷികശ്രമങ്ങളുടെ ഭാഗമായാണ് സഹായമയയ്ക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനാവശ്യമായ വസ്തുക്കൾ എത്തിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏതാണ്ട് 3,00,000-ത്തിലേറെ പേരാണ് യു.എ.ഇ.യുടെ സഹായം പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞദിവസം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ് വഴി ഭക്ഷ്യവസ്തുക്കൾ എത്തിച്ചിരുന്നു. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഉൾപ്പെടെ 15 ടൺ ഉത്പന്നങ്ങളാണ് എത്തിച്ചത്.