ഷാർജ : ഒന്നരവർഷത്തിനിടെ 28 അന്താരാഷ്ട്ര സർവകലാശാലകളിൽനിന്ന് 53 ഓൺലൈൻ കോഴ്സുകൾ പൂർത്തിയാക്കി നേട്ടംകൊയ്ത് പ്രവാസി മലയാളി.

പത്തനംതിട്ട ചിറ്റാർ സ്വദേശി മനു വർഗീസ് കുളത്തുങ്കൽ (41) ആണ് പഠനനേട്ടത്തിന് ഗോൾഡൻ ബുക്ക് ഓഫ് റെക്കോഡിന് അർഹനായത്. ഓൺലൈൻപഠനം പൂർത്തിയാക്കി വിജയിച്ചതിന് ഐക്യരാഷ്ട്രസഭയ്ക്കുകീഴിലുള്ള വിവിധ സംഘടനകളും മനുവർഗീസിന് സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്.

2020 ഏപ്രിൽ നാലിനും 2021 ഓഗസ്റ്റ് 25-നുമിടയിലാണ് മനു വർഗീസ് 53 ഓൺലൈൻ കോഴ്സുകൾ പഠിച്ച് റെക്കോഡ് നേടിയത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പഠനത്തിന് പ്രധാനമായും തിരഞ്ഞെടുത്തത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ സർട്ടിഫിക്കറ്റും മെഡലും നൽകി മനു വർഗീസിനെ ആദരിച്ചു.

അമേരിക്കൻ ഫെഡറൽ എമർജൻസി മാനേജ്‌മെൻറ് ഏജൻസിയിൽനിന്ന് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, അന്താരാഷ്ട്ര കുടിയേറ്റ സംഘടനയിൽനിന്ന് കുടിയേറ്റക്കാരുടെ മാനസികപ്രശ്നങ്ങൾ, ഐക്യരാഷ്ട്ര സംഘടനയിൽനിന്ന് സാമ്പത്തിക സന്തുലിതാവസ്ഥ, ലോകാരോഗ്യ സംഘടനയിൽനിന്ന് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, വാക്സിനുകളുടെ ഉപയോഗം, യു.എ.ഇ.യിലെ ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്‌സിറ്റിയിൽനിന്ന് ഓൺലൈൻ അധ്യാപനം, മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസിൽനിന്ന് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം, ഷിക്കാഗോ സർവകലാശാലയിൽനിന്ന് വ്യക്തിത്വവികസനം തുടങ്ങിയവ മനു വർഗീസ് വിജയിച്ച കോഴ്സുകളിൽ ചിലതാണ്. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര വൊളന്റിയറായും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

ഭൗതികശാസ്ത്രത്തിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തരബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി. ഡിപ്ലോമയും നേടിയശേഷമാണ് മനുവർഗീസ് പ്രവാസ ലോകത്തെത്തിയത്. നാട്ടിൽ അധ്യാപകനായി ജോലിചെയ്തി‌രുന്നു. 10 വർഷത്തിലേറെയായി പ്രവാസലോകത്ത് സാമൂഹിക സാമുദായിക മേഖലകളിലും സജീവമാണ്.

യു.എ.ഇ.യിലെ സ്വകാര്യ കമ്പനിയിൽ ലോജിസ്റ്റിക്സ് വിഭാഗത്തിലാണ് ജോലി. ഭാര്യ ജിഷ മനു മെഡിക്കൽ ഇൻഷുറൻസ് സൂപ്പർവൈസർ ആണ്. മക്കൾ: ഡാരൻ (വിദ്യാർഥി, എമിറേറ്റ്‌സ് നാഷണൽ സ്കൂൾ ഷാർജ), ഡാൻ.