ദുബായ് : ഈ വർഷത്തെ അവധിയിൽ ലോകം ചുറ്റിക്കറങ്ങാനുള്ള പരിപാടിയിലാണ് പ്രവാസി മലയാളിയായ ബ്ലെസൻ തങ്കച്ചൻ. കഴിഞ്ഞ അഞ്ച് ദിവസത്തിനകം 100 അന്താരാഷ്ട്ര രാജ്യങ്ങളുടെ എക്സ്‌പോ പവിലിയനുകളാണ് തങ്കച്ചൻ നടന്നുകണ്ടത്. ദുബായിൽ ഇരുന്നുകൊണ്ടുതന്നെ 100 രാജ്യങ്ങളുടെ സംസ്കാരം നിഷ്‌പ്രയാസം അറിയുകയും നേട്ടങ്ങളെക്കുറിച്ചും പഠിക്കുകയും ചെയ്തെന്ന് തങ്കച്ചൻ എക്സ്‌പോ പാസ്പോർട്ട് സുവനീർ തെളിവായി കാണിച്ചുകൊണ്ട് പറഞ്ഞു. എക്സ്‌പോ പാസ്പോർട്ട് സുവനീർ വേദിയിൽനിന്ന് 20 ദിർഹം നൽകിയാൽ സ്വന്തമാക്കാനാവും. ഓരോ എക്സ്‌പോ പവിലിയനുകളും സന്ദർശിച്ചിറങ്ങുമ്പോൾ പാസ്പോർട്ടിൽ ആ രാജ്യത്തിന്റെ ഒപ്പ് വാങ്ങാനാവും. അതൊരു എക്സ്‌പോ ഓർമപോലെ എല്ലാക്കാലത്തും സൂക്ഷിച്ചുവെക്കാം.

ദുബായിൽ ഒരു ഐ.ടി സ്ഥാപനത്തിൽ ഡെലിവറി മാനേജരാണ് തങ്കച്ചൻ. ഇത്തവണത്തെ വാർഷികാവധിക്ക്‌ നാട്ടിലേക്ക് പോകുന്നില്ലെന്നും ജീവിതത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ അവസരത്തിനായി മാറ്റിവെക്കുകയാണെന്നും തങ്കച്ചൻ പറഞ്ഞു. ആറ് വർഷം മുൻപ് മരുഭൂമിയായിരുന്നയിടം ഒരു മഹാനഗരമായി മാറിയതാണ് ആകർഷിച്ചത്. മുൻപ് ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിലും സമീപപ്രദേശങ്ങളിലും ജോലിയാവശ്യാർഥം പോയിരുന്നു. അന്ന് എക്സ്‌പോ 2020 ദുബായ് എന്ന് മാത്രം എഴുതിയ ബോർഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒക്ടോബർ ഒന്നിന് എക്സ്‌പോ പൊതുജനങ്ങൾക്കായി തുറന്നപ്പോൾ ആകാംക്ഷ അടക്കാനായില്ല. ആദ്യദിവസം തന്നെ യു.എ.ഇ., സൗദി അറേബ്യ മുതൽ 18 രാജ്യങ്ങളുടെ പവിലിയനുകൾ കാണാനെത്തി. ഓരോ രാജ്യത്തിന്റെയും രൂപകല്പനയും പ്രദർശനങ്ങളും അമ്പരപ്പിച്ചു. അടുത്ത ദിവസങ്ങളിൽ കൂടുതൽ കൂടുതൽ രാജ്യങ്ങളെ അടുത്തറിയാനുള്ള ശ്രമമായിരിക്കും. എക്സ്‌പോ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ നല്ല ഷൂസും ഇളംനിറത്തിലുള്ള വസ്ത്രങ്ങളും ധരിക്കാൻ ശ്രദ്ധിക്കണമെന്നും ധാരാളം വെള്ളം കൈയിൽ കരുതണമെന്നും തങ്കച്ചൻ പറഞ്ഞു.