: ആഘോഷങ്ങളവസാനിക്കാത്ത ദുബായിലെപ്പോഴും ഉത്സവങ്ങളാണ്. ശിശിരത്തിൽ ഷോപ്പിങ് ഫെസ്റ്റിവൽ, ഗ്രീഷ്മത്തിൽ സമ്മർ ഫെസ്റ്റിവൽ കൂടാതെ ട്രേഡ് സെന്ററിനോട് ചേർന്ന എക്സിബിഷൻ സെന്ററിൽ എപ്പോഴും നടന്നുകൊണ്ടിരിക്കുന്ന വിവിധങ്ങളായ വാണിജ്യ പ്രദർശനങ്ങൾ, കുതിരപ്പന്തയങ്ങൾ... ഒട്ടേറെനാൾ കാത്തിരുന്നൊടുവിൽ കോവിഡിനാൽ 2020 നാം ആഘോഷിക്കുന്നത് 2021-ൽ ആയിപ്പോയി. എങ്കിലും യു.എ.ഇ.യുടെ പ്രത്യേകിച്ച് ദുബായ് ഭരണാധികാരിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഈ മഹാദ്ഭുതം സംഭവിച്ചു. ലോകമിപ്പോൾ ദുബായിലേക്കൊഴുകുകയാണ്.

ഏത് രാജ്യവും ആഗ്രഹിക്കുന്ന അപൂർവാനുഗ്രഹങ്ങളാണ് നാലഞ്ചാണ്ട് കൂടുമ്പോൾ നടക്കുന്ന ഒളിമ്പിക്സും വേൾഡ്കപ്പും എക്സ്‌പോയും.

ദീർഘവീക്ഷണമുള്ള പുതുതലമുറയ്ക്ക് അവരുടെ കഴിവുകൾ പരിപോഷിപ്പിക്കാനുള്ള ആശയങ്ങൾ പലതും ലഭ്യമാണ് എക്സ്‌പോയിൽ. വിവിധങ്ങളായ ആധുനിക കണ്ടുപിടിത്തങ്ങളും വ്യാവസായികാശയങ്ങളും നിറഞ്ഞതാണ് ദുബായിൽ നടക്കുന്ന എക്സ്‌പോ-2020.

ന്യൂസീലൻഡ് പവിലിയനിലെ അന്തരീക്ഷത്തിൽനിന്ന് ജലം ഉത്പാദിപ്പിക്കുന്ന വിദ്യയും റഷ്യൻ പവിലിയനിലെ മൃഗങ്ങൾ സ്വന്തം കണ്ണിലൂടെ കാണുന്ന കാഴ്ചയും സൗദി പവിലിയനിലെ ത്രിമാന തിരശ്ശീലയും ഏവരേയും ഏറെ ആകർഷിക്കും.

കോവിഡനന്തരം എക്സ്‌പോ വിജയത്തിലൂടെ ദുബായ് പുതിയൊരു ചരിത്രം തീർക്കും എന്നുറപ്പാണ്.

ലോകം മാറുന്നതിനനുസരിച്ചുള്ള വികസനക്കാഴ്ചപ്പാടോടെയാണ് ദുബായ് നഗരം ഓരോ കാര്യവും ചെയ്യുന്നത്. വ്യാവസായികവും വാണിജ്യപരവുമായ ഒരു വമ്പൻ കുതിപ്പു തന്നെ ഉണ്ടാകും എക്സ്‌പോ 2020-യിലൂടെ. മൊബിലിറ്റി, സസ്റ്റെയ്‌നബിലിറ്റി, ഓപ്പർച്ചുനിറ്റി, അൽ വസൽ പ്ലാസ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ കാഴ്ചകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. സോളാർ പാനലുകൾകൊണ്ട് തീർത്ത ടെറയും അലിഫ് പവിലിയനും പിന്നെ നമ്മുടെ ഇന്ത്യ ഉൾപ്പെടെ ഇരുനൂറോളം വിവിധ രാജ്യങ്ങളുടെ വ്യത്യസ്തമായ പ്രദർശനങ്ങളും നമ്മെ വരുംകാല ലോകമെന്തെന്ന് കാട്ടിത്തരുമെന്ന് തീർച്ച.