ദുബായ് : എക്സ്‌പോ 2020 ലോകമേളയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകി ദുബായ് മീഡിയാ ഓഫീസ്. എക്സ്‌പോ ടിക്കറ്റുകൾ എങ്ങനെ ബുക്കുചെയ്യാം, എക്സ്‌പോ സന്ദർശിക്കാനുള്ള നടപടിക്രമങ്ങൾ, എക്സ്‌പോ വേദിയുടെ പ്രവർത്തനസമയം തുടങ്ങി സന്ദർശകരുടെ എല്ലാ സംശയങ്ങൾക്കും സാമൂഹികമാധ്യമങ്ങളിലൂടെയാണ് മീഡിയാ ഓഫീസ് മറുപടി നൽകിയത്.

ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം

എക്സ്‌പോ ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റ് (https://www.expo2020dubai.com/) വഴി ലഭ്യമാണ്. https://www.expo2020dubai.com/en/tickets-and-merchandise/tickets- ൽനിന്നും ആവശ്യമായ ടിക്കറ്റുകൾ ലഭിക്കും.

ആറ്്‌ മാസത്തിനിയിൽ പരിധിയില്ലാത്ത പ്രവേശനം സാധ്യമാകുന്ന സീസൺ പാസ് ടിക്കറ്റുകളുണ്ട്.

പ്രവേശനസമയം

ഒക്ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയാണ് ലോകമഹാമേള. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ രാത്രി 12 വരെയാണ് പ്രവേശനം.

വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ പുലർച്ചെ രണ്ടുമണിവരെയും പ്രവേശിക്കാം.

കോവിഡ് വാക്‌സിനേഷൻ

എക്സ്‌പോ വേദിയിലെത്തുന്ന 18 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ രേഖകളോ അല്ലെങ്കിൽ കോവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഇവയിൽ ഏതെങ്കിലും ഒന്ന് നിർബന്ധമാണ്. വാക്സിൻ എടുക്കാത്തവർ 72 മണിക്കൂറിനിടയിലുള്ള കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കിയാൽ മതിയാകും. വാക്സിനെടുത്തവർ ഔദ്യോഗിക വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതണം. രേഖകൾ മൊബൈൽ ആപ്പിലോ പ്രിന്റ് ചെയ്തോ കരുതാം.

പൊതുഗതാഗതം

എക്സ്‌പോ വേദിയിലെത്താൻ ദുബായ് മെട്രോയുടെ സേവനങ്ങൾ ഉപയോഗിക്കാം. കൂടാതെ സന്ദർശകരെ സൗജന്യമായി എത്തിക്കുന്ന എക്സ്‌പോ റൈഡർ ബസ്സുകളുടെ സേവനവും ഉപയോഗപ്പെടുത്താം. സ്വകാര്യവാഹനങ്ങളിൽ എത്തുന്നവർക്ക് മൊബിലിറ്റി, സസ്‌റ്റൈനബിലിറ്റി, ഓപ്പർച്യുണിറ്റി എന്നീ ഏതെങ്കിലും കവാടങ്ങളിലുള്ള പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിക്കാം. പാർക്കിങ്ങിൽനിന്ന് വേദികൾക്കുള്ളിൽ എത്തിച്ചേരാൻ എക്സ്‌പോ ഷട്ടിൽ ബസ് സേവനങ്ങൾ പ്രയോജനപ്പെടുത്താം.

നിശ്ചയദാർഢ്യക്കാർ

നിശ്ചയദാർഢ്യക്കാർക്കുൾപ്പെടെ എല്ലാവിഭാഗം ആളുകൾക്കും ആവശ്യമായ എല്ലാസേവനങ്ങളും എക്സ്‌പോ അധികൃതർ ഒരുക്കിയിട്ടുണ്ട്. വീൽച്ചെയറുകൾ, പ്രത്യേക ഇലക്ട്രിക് വാഹനങ്ങൾ എന്നിവ എക്സ്‌പോ വേദിയിൽ ലഭ്യമാണ്. നിശ്ചയദാർഢ്യക്കാർക്ക് എക്സ്‌പോ സന്ദർശനം സൗജന്യമാണ്. ഇവർക്കൊപ്പം എത്തുന്നവരിൽ ഒരാൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുണ്ടാകും. വിവരങ്ങൾക്ക് എക്സ്‌പോ വെബ്‌സൈറ്റ് സന്ദർശിക്കുക.