ദുബായ് : നബിദിനം പ്രമാണിച്ചുള്ള മൂന്ന് ദിവസത്തെ അവധിയാഘോഷം എക്സ്‌പോ വേദിയിലാക്കാം. ഒക്ടോബർ 21 മുതൽ മൂന്ന് ദിവസം വ്യത്യസ്തമായ ആഘോഷപരിപാടികളാണ് വേദിയിൽ കാത്തിരിക്കുന്നത്. ഒക്ടോബർ പാസ് കൂടി നിലവിലുള്ളതുകൊണ്ട് സന്ദർശകർക്ക് സുവർണാവസരമായിരിക്കും ഇത്.

ഒക്ടോബർ 31 വ്യാഴം: സെയ്ന്റ് വിൻസെന്റിന്റെയും ഗ്രനേഡൈൻസിന്റെയും ദേശീയദിനത്തോട് അനുബന്ധിച്ച് രാവിലെ 10.15-ന് അൽ വാസൽ പ്ലാസയിൽ സാംസ്കാരിക പരിപാടികൾ അരങ്ങേറും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ സ്ത്രീകളുടെ പ്രചോദനാത്മകമായ കഥകൾ വുമൻസ് പവിലിയനിലുണ്ടാകും. ഓരോ ദിവസവും ലോകത്തിന്റെ നിറങ്ങൾ എന്ന പ്രമേയത്തിൽ എക്‌സ്‌പോ വേദിയിലേക്ക് രാജ്യങ്ങളെ സ്വാഗതം ചെയ്യുന്നതിനായി പരേഡും വിവിധ കലാകാരൻമാർ അണിനിരക്കുന്ന വ്യത്യസ്ത പരിപാടികളും അരങ്ങേറും. ചിലിയൻ പോപ്പ് ആർട്ടിസ്റ്റിന്റെ പ്രത്യേക പരിപാടി വൈകീട്ട് മൂന്ന് മുതൽ 3.40 വരെയുണ്ടാകും. പാകിസ്താനിലെ ഗായകൻ അലി അസ്മത്തും സംഘവും രാത്രി എട്ട് മുതൽ 9.30 വരെ പാക്-യു.എ.ഇ. സാഹോദര്യത്തിന്റെ കഥപറയുന്ന സംഗീതപരിപാടി നടത്തും. ദുബായ് മില്ലേനിയം ആംഫി തിയേറ്ററിലും രാത്രി 9.30 മുതൽ 11.30 വരെ സംഗീതപരിപാടിയുണ്ടാകും.

22, വെള്ളി: ഷോൻബ്രൺ പാലസ് ഓർക്കസ്ട്ര വിയന്ന ദുബായ് മില്ലേനിയം ആംഫി തിയേറ്ററിൽ വൈകീട്ട് 4.30 മുതൽ 6.30 വരെ പരിപാടി അവതരിപ്പിക്കും. എർത്ത് സ്റ്റേജിൽ സൗദി അവതരിപ്പിക്കുന്ന പ്രത്യേക സാംസ്കാരിക പരിപാടി വൈകീട്ട് അഞ്ച് മുതൽ രാത്രി 8.30 വരെയുണ്ടാകും. അൽ വാസൽ പ്ലാസയിൽ സാമി യൂസഫിന്റെ ബിയോണ്ട് ദ സ്റ്റാർസ് മികച്ചൊരു അന്താരാഷ്ട്ര പരിപാടിയാകും. രാത്രി എട്ട് മുതൽ 11 വരെ ജൂബിലി സ്റ്റേജിൽ ഒപ്പെറ ക്ലാസിക്കുകളുടെ സമന്വയം കാണാം. പാകിസ്താനിലെ ആറ് വ്യത്യസ്ത പ്രദേശങ്ങൾ രാത്രി 9.30 മുതൽ 10 വരെ എർത്ത് സ്റ്റേജിൽ സ്വരമാധുര്യം നിറഞ്ഞ സംഗീതപരിപാടി നടത്തും.

23, ശനി: ഉച്ചയ്ക്ക് രണ്ട് മുതൽ 2.30 വരെ എർത്ത് സ്റ്റേജിൽ ആകർഷകമായ മൊറോക്കൻ നൃത്തം കാണാം. ദുബായ് മില്ലേനിയം ആംഫി തിയേറ്റർ വൈകീട്ട് ആറ് മുതൽ രാത്രി എട്ട് വരെ ശാസ്ത്രീയ സംഗീതത്തിന്റെ വേദിയാകും. ജൂബിലി സ്റ്റേജിൽ എ.ആർ. റഹ്മാന്റെ നേതൃത്വത്തിലുള്ള ഫിർദൗസ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി വൈകീട്ട് ഏഴ് മുതൽ എട്ട് വരെ നടക്കും.