മൂലപ്രകൃതിയായ ദേവിയുടെ പ്രധാന മൂർത്തീഭേദമാണ്‌ വാഗ്‌ദേവതയായ സരസ്വതി. വാക്ക്‌, ബുദ്ധി, വിദ്യ, ജ്ഞാനം എന്നിവയുടെ അധിഷ്ഠാനദേവതയാണ്‌ സരസ്വതി. സരസ്വതീപ്രസാദമുണ്ടായാൽ ഏതുമൂർഖനും പണ്ഡിതനാകും. സരസ്വതിയുടെ അനുഗ്രഹത്താൽ പഠിച്ചത്‌ മറക്കാതിരിക്കാൻ സാധിക്കും. ശിഷ്യരെ പഠിപ്പിക്കാനുള്ള കഴിവ്‌, പ്രതിഭാശാലിത്വം, ഗ്രന്ഥരചനാസാമർഥ്യം എന്നിവ സരസ്വതീപ്രസാദത്താൽ ഉണ്ടാകും. വ്യാസൻ സരസ്വതീപ്രസാദംകൊണ്ടാണ്‌ കവിയായത്‌. വേദം നാലായി പകുക്കാനും പുരാണങ്ങൾ, മഹാഭാരതം, ബ്രഹ്മസൂത്രം എന്നിവ എഴുതാനും വ്യാസന്‌ സാധിച്ചത്‌ സരസ്വതിയുടെ അനുഗ്രഹത്താലാണ്‌. ബൃഹസ്പതിക്ക്‌ ജ്ഞാനമുണ്ടായതും ദേവഗുരുവാകാൻ സാധിച്ചതും സരസ്വതീപ്രസാദത്താലാണ്‌. ഗംഗയുടെ ശാപത്താലാണ്‌ സരസ്വതി നദിയായത്‌.

‘വാണീടുകനാരതമെന്നുടെ നാവുതന്മേൽ

വാണിമാതാവേ! വർണവിഗ്രഹേ! വേദാത്മികേ!

നാണമെന്നിയേ മുദാ നാവിേന്മൽനടനംചെയ്-

കേണാങ്കാനനേ! യഥാ കാനനേ ദിഗംബരൻ

വാരിജോദ്‌ഭവമുഖവാരിജവാസേ! ബാലേ

വിരിധിതന്നിൽ തിരമാലകളെന്നപോലെ

ഭാരതീ! പദാവലി തോന്നേണം കാലേ കാലേ

പാരാ​െത സലക്ഷണം മേേന്മൽ മംഗലശീലേ!’

എന്ന സരസ്വതീവന്ദനത്തോടെയാണ്‌ തുഞ്ചത്തെഴുത്തച്ഛൻ അധ്യാത്മരാമായണം കിളിപ്പാട്ട്‌ ആരംഭിക്കുന്നത്‌.

സരസ്വതീ നമസ്തുഭ്യം

വരദേ കാമരൂപിണി

വിദ്യാരംഭം കരിഷ്യാമി

സിദ്ധിർഭവതു മേ സദാ

എന്ന സരസ്വതീപ്രാർഥനയോടെയാണ്‌ വിദ്യാരംഭം തുടങ്ങുക.

സാവിത്രി: മൂലപ്രകൃതിയായ ദേവിയുടെ മൂർത്തിഭേദമാണ്‌ സാവിത്രി. സന്ധ്യാവന്ദനമന്ത്രങ്ങളുടെയും തന്ത്രങ്ങളുടെയും ഉദ്‌ഭവസ്ഥാനം സാവിത്രീദേവിയാണ്‌ ബ്രഹ്മത്തിന്റെ തേജോമയമായ ശക്തിയും അതിന്റെ അധിഷ്ഠാനദേവതയും സാവിത്രിയാണ്‌. നാലുവേദങ്ങളുടെയും മാതാവാണ്‌. അശ്വപതി എന്ന രാജാവിന്‌ സവിത്രീദേവി പുത്രിയായി ജനിക്കുന്നുണ്ട്‌. സാവിത്രിയുടെ പാതിവ്രത്യനിഷ്ഠകണ്ട്‌ യമധർമരാജാവ്‌ അകാലത്തിൽ മരിച്ചുപോയ സത്യവാന്‌ ജീവൻ തിരിച്ചുനൽകിയ കഥ പുരാണപ്രസിദ്ധമാണ്‌.

രാധ: മൂലപ്രകൃതിയായ ദേവിയുടെ മൂർത്തിഭേദമായ രാധ പഞ്ചപ്രാണന്മാരുെട അധിഷ്ഠാനദേവതയാണ്‌. ശ്രീകൃഷ്ണന്‌ ഏറ്റവും പ്രിയയായിട്ടുള്ളവളാണ്‌. രാധയെക്കൂടെ പൂജിച്ചാലേ ശ്രീകൃഷ്ണനെ പൂജിച്ചാലുള്ള ഫലം ലഭിക്കൂ. രധ്‌നാതി സകലാൻ കാമാൻ തസ്മാദ്‌ രാധേതി കീർത്തിതാ’ സർവ ആഗ്രഹങ്ങളും നിറവേറ്റുന്നവളാകയാലാണ്‌ രാധ എന്നപേരുവന്നത്‌.

ദുർഗ: മൂലപ്രകൃതിയായ ദേവിയുടെ പൂർണാവതാരമാണ്‌ ദുർഗ. ബുദ്ധിയുടെ അധിഷ്ഠാനദേവതയാണ്‌. ‘ഉപാസകൈഃ ദുഃഖേന പ്രാപ്യതേ ഇതി ദുർഗാ’

ഭക്തന്മാർക്ക്‌ പ്രാപിക്കാൻ പ്രായസമായ രൂപത്തോടുകൂടിയവൾ എന്നതിനാലാണ്‌ ദുർഗ എന്നപേര്‌ വന്നിട്ടുള്ളത്‌. എല്ലാവരുടെയും സങ്കടങ്ങൾ ഇല്ലാതാക്കുന്നവളാണ്‌ ദുർഗ.