ദുബായ് : തുടർച്ചയായ ഒമ്പതാംതവണയും ദുബായ് ചേംബർ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ.) ലേബൽ സ്വന്തമാക്കി യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ്.

ചില്ലറ വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്താണ് ഈ അംഗീകാരം.

സമൂഹത്തിന് ഗുണകരമാകുന്ന പദ്ധതികൾ വികസിപ്പിക്കുന്നതും കമ്യൂണിറിറ്റി ഇനിഷ്യേറ്റീവുകൾ, പരിസ്ഥിതി സൗഹൃദ പദ്ധതികൾ എന്നിവ സംഘടിപ്പിക്കുന്നതും അവയിൽ പങ്കെടുക്കുന്നതും വഴി സുപ്രധാന മേഖലകൾക്ക് നൽകുന്ന പിന്തുണയും അംഗീകാരത്തിന് മാനദണ്ഡങ്ങളായി.

വെർച്വൽ ആദരിക്കൽ ചടങ്ങിലാണ് ഈ പ്രഖ്യാപനം നടത്തിയത്. മാനേജർമാരുടെയും യൂണിയൻ കോപ് ജീവനക്കാരുടെയും മറ്റ് സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് യൂണിയൻ കോപിനെ തേടി അംഗീകാരമെത്തിയത്.

സമൂഹത്തിന് നൽകുന്ന സംഭാവനകളാണ് യൂണിയൻ കോപിന്റെ വിശ്വസ്തതയുടെ കേന്ദ്രമെന്ന് ദുബായ് ചേംബർ സി.എസ്.ആർ. ലേബർ അംഗീകാരം നേടിയതിന് പിന്നാലെ യൂണിയൻ കോപ് ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പ്രതികരിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ളതും ധാർമികവുമായ ബിസിനസ് പ്രവർത്തനങ്ങൾ നടപ്പാക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നതാണ് ദുബായ് ചേംബർ സി.എസ്.ആർ. ലേബൽ അംഗീകാരം.