അബുദാബി : ഹെവി വാഹനങ്ങളുടെ പരിശോധനയ്ക്കായി അൽ ഐനിൽ പുതിയകേന്ദ്രം തുറന്നു. അബുദാബി പോലീസ് എമിറേറ്റ്‌സ് ട്രാൻസ്പോർട്ടുമായി ചേർന്നാണ് കേന്ദ്രമാരംഭിച്ചത്. ഹെവി വാഹനങ്ങളുടെ സാങ്കേതിക പരിശോധനകളാണ് ഇവിടെ നടക്കുക. അൽ ഐൻ അൽ ക്വയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

ഗതാഗത സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ സമഗ്ര പരിശോധനയാണ് ഇവിടെ നടക്കുകയെന്ന് അബുദാബി പോലീസ് വാഹന ലൈസൻസിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ മതാർ ഒബൈദ് അൽ ദാഹേരി പറഞ്ഞു. എല്ലാ നൂതനസംവിധാനങ്ങളും ഉൾക്കൊള്ളുന്നതാണ് കേന്ദ്രമെന്ന് എമിറേറ്റ്‌സ് ട്രാൻസ്പോർട്ട് സാങ്കേതിക പരിശോധനാവിഭാഗം ഡയറക്ടർ അമർ ജുമാ അൽ സെഹി പറഞ്ഞു. 150 ഹെവി വാഹനങ്ങളുടെ പരിശോധന പ്രതിദിനം ഇവിടെ നടത്താനാകും. വാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കൽ, ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, രാജ്യത്തിന് പുറത്തുനിന്നുമെത്തുന്ന വാഹനങ്ങളുടെ പരിശോധന, ഇറക്കുമതി, കയറ്റുമതി ഇടപാടുകളുടെ സംവിധാനങ്ങൾ എന്നിവയെല്ലാം കേന്ദ്രത്തിൽ പരിശോധിക്കും.

അൽ ഐൻ വാഹന ലൈസൻസിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ റാഷിദ് ഉബൈദ് അൽ ഷംസി, അബുദാബി സാങ്കേതിക സേവനകേന്ദ്രം ഡയറക്ടർ അബ്ദുൽ ലത്തീഫ് അൽ അൻസാരി എന്നിവർ ചടങ്ങിന്റെ ഭാഗമായി.