ദുബായ് : അന്തർദേശീയ വിപണിയിൽ 13.6 കോടി യു.എസ്. ഡോളർ വിലവരുന്ന 500 കിലോയോളം കൊക്കൈൻ ദുബായ് പോലീസ് പിടിച്ചെടുത്തു. ദുബായ് വിപണി ലക്ഷ്യമിട്ട് കാർഗോ കണ്ടയ്‌നറിൽ പ്രത്യേക അറയുണ്ടാക്കിയാണ് ഇത് കടത്താൻ ശ്രമിച്ചത്. മേഖലയിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. ഇതിന്റെ പിറകിൽ പ്രവർത്തിച്ച ഗൾഫ് സ്വദേശിയെയും പോലീസ് അറസ്റ്റുചെയ്തു. ‘ഓപ്പറേഷൻ സ്കോർപിയൻ’ എന്നപേരിലാണ് സമഗ്ര പരിശോധന നടപ്പാക്കിയിരുന്നത്. സംഘടിതമായ ലഹരി കുറ്റകൃത്യങ്ങൾക്കെതിരേയുള്ള പഴുതടച്ച പരിശോധനയാണ് ഓപ്പറേഷൻ സ്കോർപിയനെന്ന് ദുബായ് പോലീസ് ചീഫ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പറഞ്ഞു. യു.എ.ഇ. ഉപ പ്രധാനമന്ത്രിയും ആഭ്യന്തരവകുപ്പ് മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തിൽ ശക്തമായ പരിശോധനയാണ് നടന്നുവരുന്നത്.

സംശയത്തിന്റെ നിഴലിലുള്ളവരെ 24 മണിക്കൂറും പിന്തുടർന്ന് വീക്ഷിച്ചശേഷമാണ് കൃത്യമായ തെളിവുകളോടെ നിയമത്തിനുമുമ്പിൽ കൊണ്ടുവരാൻ കഴിഞ്ഞതെന്ന് ദുബായ് പോലീസ് ലഹരിവിരുദ്ധ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഈദ് മുഹമ്മദ് താനി ഹരീബ് പറഞ്ഞു. അന്താരാഷ്ട്ര ലഹരിമാഫിയയുടെ നീക്കങ്ങളെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്. ഇതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയായിരുന്നു നിരീക്ഷണം. ലഹരിവസ്തുക്കൾ എത്തിയ ശേഷം കുറ്റവാളി ഇവ മറ്റൊരു എമിറേറ്റിലെ ഗോഡൗണിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഒരു എസ്.യു.വി. വാടകയ്ക്കെടുത്ത കുറ്റവാളി കണ്ടെയ്‌നർ മുറിക്കാനുള്ള ഉപകരണവുമായി സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ പോലീസ് സംഘം വളയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറ്റസമ്മതം നടത്തിയ പ്രതിയെ നിയമനടപടികൾക്ക് വിധേയമാക്കി.