മസ്‌കറ്റ് : ഒമാനിൽ ഷഹീൽ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 13 ആയി. കാണാതായവരിൽ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. ഇനിയും രണ്ടുപേരെകൂടി കണ്ടെത്താനുണ്ടെന്ന് റോയൽ എമർജൻസി മാനേജ്‌മെന്റ് കമ്മിറ്റി വെളിപ്പെടുത്തി. ഷഹീൻ ചുഴലിക്കാറ്റിലും കനത്ത മഴയെത്തുടർന്നുണ്ടായ ഒഴുക്കിലുമായാണ് ആളുകളെ കാണാതായത്. അമീറാത്ത് വിലായത്തിൽ ഒരു സ്വദേശിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കാണാതായ രണ്ടു പ്രവാസികളെ രക്ഷിച്ചതായും ഇനി രണ്ടു പേരെകൂടി കണ്ടെത്താനുണ്ടെന്നും നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെന്റ് അറിയിച്ചു. ചുഴലിക്കാറ്റ് നാശംവിതച്ച മേഖലകളിലെ ദുരിതാശ്വാസ-പുനർനിർമാണ പ്രവർത്തനങ്ങളിൽ സൈന്യത്തിനും പോലീസിനുമൊപ്പം മലയാളികളടക്കമുള്ള സന്നദ്ധപ്രവർത്തകരും അണിനിരക്കുന്നുണ്ട്.

ഐ.സി.എഫ്., കെ.എം.സി.സി., സോഷ്യൽ ഫോറം തുടങ്ങിയ പ്രവാസിസംഘടനകൾ ഒമാൻ അധികൃതർക്കൊപ്പം പ്രവർത്തിക്കുന്നു. സന്നദ്ധപ്രവർത്തനത്തിൽ പങ്കാളികളാകാൻ രജിസ്റ്റർ ചെയ്യണമെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു.

ദുരന്തത്തിൽ വീട് നശിച്ച കുടുംബങ്ങൾക്കുള്ള അടിയന്തര സഹായധനമായ ആയിരം റിയാൽ വിതരണം ചെയ്തുതുടങ്ങി. സാമൂഹിക വികസന മന്ത്രാലയത്തിലെ റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സഹായം ലഭ്യമാക്കുന്നത്. പ്രത്യേകസംഘം നേരിട്ട് സന്ദർശിച്ചതിനു ശേഷമാണ് തുക അനുവദിക്കുന്നത്. വടക്കൻ ബാത്തിനയിലെ സുവൈഖിലും ഖാബൂറയിലും ഈ മാസം 14 വരെ സ്കൂളുകൾ പ്രവർത്തിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 17-നാണ് ഈ വിലായത്തുകളിൽ സ്കൂളുകൾ തുറക്കുക.