ദുബായ് : ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാസ് അൽ ഖോർ എക്സിറ്റിന് സമീപമായിരുന്നു അപകടം. അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള വസ്തുവായിരുന്നു ടാങ്കറിൽ ഉണ്ടായിരുന്നത്. ഡിവൈഡറിൽ ഇടിച്ചശേഷം ഇരുവാഹനങ്ങൾക്കും തീപിടിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.

റാഷിദിയ ഫയർ സ്റ്റേഷനിലെ അഗ്നിരക്ഷാ സേനാസംഘം എത്തിയാണ് തീയണച്ചത്. കാറും ടാങ്കറും പൂർണമായും കത്തിനശിച്ചതായി ദുബായ് സിവിൽ ഡിഫൻസ് അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.