ദുബായ് : ബിസിനസ് നടത്തിപ്പിന്റെ നടപടിക്രമങ്ങൾ കുറെക്കൂടി സുതാര്യമാക്കണമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

സർക്കാർ പദ്ധതികളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കണമെന്നും ശൈഖ് ഹംദാൻ നിർദേശിച്ചു. എക്സിക്യുട്ടീവ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കുക, സാമ്പത്തികവളർച്ചാനിരക്ക് കൂട്ടുക, ദുബായിലേക്ക് കൂടുതൽ നിക്ഷേപം എത്തിക്കുക എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ വേണം. ബിസിനസ് നടത്തിപ്പ് എളുപ്പമാക്കണം. സാങ്കേതിക നടപടിക്രമങ്ങൾ കുറയ്ക്കണം. കൂടാതെ സ്വകാര്യമേഖലയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രീതികളെക്കുറിച്ചും ശൈഖ് ഹംദാൻ വിശദീകരിച്ചു.

കോവിഡിനെത്തുടർന്ന് ലോകത്താകമാനം സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇതിനെ മറികടക്കാൻ ദുബായ് വലിയ തോതിൽ ഉത്തേജകപാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സാമ്പത്തികപ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്നത്തിനുള്ള നടപടികൾ ഇനിയും തുടരുമെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി.