ദുബായ് : മെട്രോയിലും മെട്രോ സ്റ്റേഷനിലും ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) പരിശോധന കടുപ്പിച്ചു. കോവിഡ് പ്രത്യേക സാഹചര്യത്തിൽ എല്ലാ നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

സുരക്ഷാനിർദേശങ്ങളെക്കുറിച്ച് പ്രത്യേക ബോധവത്‌കരണ കാമ്പയിൻ നടത്തുമെന്നും റെയിൽ ഓപ്പറേഷൻസ് ഡയറക്ടർ ഹസ്സൻ അൽ മുതാവ പറഞ്ഞു.

നിയമലംഘകർക്ക് 100 ദിർഹം മുതൽ 2000 ദിർഹം വരെയാണ് പിഴ ചുമത്തുക. വളർത്തുമൃഗങ്ങളുമായി മെട്രോയിൽ യാത്രചെയ്താൽ 100 ദിർഹമാണ് പിഴ. ചപ്പുചവറ് നിക്ഷേപിക്കുക, പുകവലിക്കുക, കാലാവധിയില്ലാത്ത നോൽ കാർഡ് ഉപയോഗിച്ച് യാത്രചെയ്യാൻ ശ്രമിക്കുക, മറ്റുള്ളവരുടെ കാർഡ് ഉപയോഗിക്കുക എന്നിവയ്ക്ക് 200 ദിർഹവും സ്റ്റേഷനിൽ ഉറങ്ങിയാൽ 300 ദിർഹവും പിഴ ചുമത്തും. വ്യാജ കാർഡ് ഉപയോഗത്തിനും മെട്രോയിൽ മദ്യംകൊണ്ടുപോയാലും 500 ദിർഹംവരെ പിഴയുണ്ടാകും.

മൂർച്ചയേറിയ ഉപകരണങ്ങൾ, ആയുധങ്ങൾ, തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ കൈയിൽകരുതുക എന്നിവയ്ക്ക് 1000 ദിർഹവും പിഴചുമത്തും. മെട്രോ യാത്രക്കാരുടെ പാർക്കിങ്ങിൽ മറ്റുള്ളവർ കൂടുതൽ സമയം പാർക്ക് ചെയ്താൽ 100 മുതൽ 1000 ദിർഹംവരെ പിഴ ലഭിക്കും. മെട്രോയിലെ സീറ്റ് മറ്റ് ഉപകരണങ്ങൾ എന്നിവ കേടുവരുത്തിയാൽ 2000 ദിർഹം പിഴ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ മെട്രോ പുറപ്പെടാൻ തുടങ്ങുമ്പോൾ ഓടിക്കയറിയാൽ 100 ദിർഹമാണ് പിഴ. സീറ്റിൽ കാൽവെക്കുക, ച്യൂയിങ്ഗം ചവയ്ക്കുക, സ്ത്രീകളുടെയും കുട്ടികളുടെ കോച്ചിൽ മറ്റുള്ളവർ യാത്രചെയ്യുക എന്നിവയ്ക്കും 100 ദിർഹം പിഴചുമത്തും.