കരിപ്പൂർ : കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1775 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഷാർജയിൽനിന്ന്‌ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മൂന്നുപേരിൽനിന്നാണ് സ്വർണം പിടികൂടിയത്. കോഴിക്കോട് ഡി.ആർ.ഐ. വിഭാഗം നൽകിയ രഹസ്യ വിവരത്തെത്തുടർന്നാണ് കസ്റ്റംസ് സ്വർണം കണ്ടെടുത്തത്.

കോഴിക്കോട് സ്വദേശിയായ ഇരുപത്തിരണ്ടുകാരനിൽനിന്ന്‌ 745 ഗ്രാം സ്വർണസംയുക്തവും വയനാട് വൈത്തിരി സ്വദേശിയിൽനിന്ന്‌ 358 ഗ്രാമും പാണ്ടിക്കാട് സ്വദേശിയിൽ നിന്ന്‌ 673 ഗ്രാം സ്വർണസംയുക്തവുമാണ് കണ്ടെടുത്തത്.

കാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എ. കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ സി.പി. ശബരീഷ്, രഞ്ജി വില്യംസ്, പ്രണയ് കുമാർ, ഇൻസ്‌പെക്ടർമാരായ റഹീസ്, കെ.കെ. പ്രിയ, സഞ്ജീവ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടിച്ചത്. പിടികൂടിയ സ്വർണത്തിന് 73 ലക്ഷം രൂപ വിലവരും.