ദുബായ് : ഉല്ലാസബോട്ട് കടലിൽ പണിമുടക്കിയതിനെത്തുടർന്ന് ബുദ്ധിമുട്ടിലായ സ്പാനിഷ് കുടുംബത്തിന് ദുബായ് പോലീസ് തുണയായി. ജുമൈറ റോക്ക് ബ്രേക്കറിലാണ് സാങ്കേതികത്തകരാറിനെത്തുടർന്ന് ബോട്ട് പണിമുടക്കിയത്. കടൽ പ്രക്ഷുബ്ധമായതും അന്തരീക്ഷ ഊഷ്മാവ് ഉയർന്നസമയമായതും കുടുംബത്തിന് വെല്ലുവിളിയായി. അപകടവിവരം ലഭിച്ചയുടൻ ദുബായ് പോലീസ് നാവിക വിഭാഗം സ്ഥലത്തെത്തി ആറംഗ കുടുംബത്തിനെ സുരക്ഷിതമാക്കി.

മറൈൻ പട്രോളിങ് സംഘത്തിന്റെ സമയോചിത ഇടപെടലാണ് എളുപ്പത്തിൽ കുടുംബത്തെ രക്ഷപ്പെടുത്താൻ കാരണമായതെന്ന് ദുബായ് പോർട്ട് പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ഡോ. ഹസൻ സുഹൈൽ അൽ സുവൈദി പറഞ്ഞു. ആളുകളെ പെട്ടന്ന് രക്ഷപ്പെടുത്തുക എന്നതിനാണ് പ്രഥമ പരിഗണന നൽകിയതെന്ന് മറൈൻ റെസ്ക്യൂ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ അലി അബ്ദുല്ല അൽ നഖ്ബി പറഞ്ഞു. റെസ്ക്യൂ ബോട്ടിൽ ലൈഫ്ജാക്കറ്റുകൾ നൽകി ആദ്യം സംഘത്തെ സുരക്ഷിതരാക്കി. പിന്നീട് ഉല്ലാസബോട്ട് കരയ്ക്കടുപ്പിച്ചു. കടലിൽ യാത്രനടത്തുന്നവർ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് മനസ്സിലാക്കണമെന്ന് പോലീസ് മേധാവി പറഞ്ഞു.