കുവൈത്ത്‌സിറ്റി : മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 450 വിദേശികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് കൈമാറിയതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം.

മയക്കുമരുന്ന് കേസുകളിൽ പിടിയിലായ 450 പേരെ കൂടാതെ വിവിധ കുറ്റ കൃത്യങ്ങളിൽ ഉൾപ്പെട്ട് പിടിയിലായ 7,000 വിവിധ രാജ്യക്കാരെ ഈ കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ നാട് കടത്തിയതായും ഉന്നത സുരക്ഷാ അധികൃതരെ ഉദ്ധരിച്ചു കൊണ്ട്‌ പ്രാദേശികദിനപത്രം റിപ്പോർട്ട്‌ ചെയ്യുന്നു.

അതേസമയം നാട് കടത്തിയ വിദേശികളിൽ ഭൂരിഭാഗവും ചെറിയ തോതിലെങ്കിലും മയക്കുമരുന്നുമായി പിടിയിലായവരാണ്.

മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകട സാധ്യതകൾ ജനങ്ങളിൽ ബോധവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ പിടിയിലായവരെ നാട് കടത്തിയതെന്നും അധികൃതർ വ്യക്തമാക്കുന്നു.