ദുബായ് : യു.എ.ഇ.യിൽ ഏഴ് പേർകൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 2190 പേരിൽകൂടി രോഗബാധ സ്ഥിരീകരിച്ചതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2132 പേർ രോഗമുക്തി നേടി. പുതുതായി നടത്തിയ 240744 പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 591613 പേർക്ക് യു.എ.ഇ.യിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 570960 പേർ രോഗമുക്തരാവുകയും ചെയ്തു. ആകെ മരണം 1717 ആണ്. നിലവിൽ 18936 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

ഒമാനിൽ 1640 പേർക്ക് കൂടി കോവിഡ്. 19 പേർ മരിക്കുകയും ചെയ്തു. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണം 230219 ആണ്. ഇവരിൽ 207795 പേർക്ക് രോഗം ഭേദമായി. ആകെ മരണം 2467 ആണ്. 1060 രോഗികൾ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇവരിൽ 345 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന 16 പേർകൂടി മരിച്ചു. 1286 പേരിൽകൂടി രോഗം സ്ഥിരീകരിച്ചു. 982 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 462528 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 444792 പേർ രോഗമുക്തി നേടി. ആകെ മരണം 7519 ആണ്.

നിലവിൽ രാജ്യത്ത് 10217 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1553 പേരുടെ നില ഗുരുതരമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണം ഇപ്രകാരം. മക്ക 419, റിയാദ് 263, കിഴക്കൻ പ്രവിശ്യ 191, അസീർ 98, ജീസാൻ 87, മദീന 76, അൽ ഖസീം 53, നജ്‌റാൻ 28, തബൂക്ക് 25, അൽബാഹ 19, ഹായിൽ 17, വടക്കൻ അതിർത്തി മേഖല ഏഴ്, അൽജൗഫ് മൂന്ന് എന്നിങ്ങനെയാണ്.

കുവൈത്തിൽ 1391 പുതിയ കോവിഡ് കേസുകളും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണം ഇതോടെ 1806 ആയി. പുതുതായി 1279 പേർകൂടി രോഗമുക്തി നേടി. ആകെ കോവിഡ് കേസുകൾ 321648 ആണ്. ഇവരിൽ 304916 പേരും രോഗമുക്തി നേടി.

റാക്കിലെ തടവുകാർക്ക് വാക്സിൻ നൽകി

റാസൽഖൈമ : കോവിഡ് വ്യാപനം തടയാനും ആരോഗ്യസുരക്ഷയ്ക്കുമായി റാസൽഖൈമ ജയിലിലെ തടവുകാർക്ക് കോവിഡ് വാക്സിൻ നൽകി.

റാക്ക് പോലീസ് ആരോഗ്യ സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് റിഫോർമറ്ററി ആൻഡ് പ്യൂനിറ്റീവ് എസ്റ്റാബ്ലിഷ്‌മെന്റ് (ആർ.പി.ഇ) ആണ് സൗകര്യമേർപ്പെടുത്തിയത്.

ദേശീയവും മാനുഷികവുമായ ഉത്തരവാദിത്വമാണ് ഇതിലൂടെ നിറവേറ്റിയതെന്ന് റാക്ക് പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു.