പനമരം : മുഖംമൂടിയണിഞ്ഞെത്തി വീട്ടിൽ അതിക്രമിച്ചുകയറിയ അജ്ഞാതസംഘത്തിന്റെ വെട്ടേറ്റ് വയോധികൻ മരിച്ചു. ഭാര്യയ്ക്ക് പരിക്കേറ്റു. നെല്ലിയമ്പം കാവടം പത്മാലയത്തിൽ റിട്ട. അധ്യാപകൻ കേശവൻ (75) ആണ് അക്രമികളുടെ വെട്ടേറ്റ് മരിച്ചത്. പരിക്കേറ്റ ഭാര്യ പത്മാവതിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. മുഖംമൂടി അണിഞ്ഞെത്തിയ രണ്ടുപേർ ഇവരുടെ വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.

കേശവനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. മക്കളായ മഹേഷ് മാനന്തവാടിയിലും മുരളി പ്രസാദ് കോഴിക്കോട്ടും മിനിജ കൂടോത്തുമ്മലിലുമാണ് താമസം. അഞ്ചുകുന്ന് സ്കൂളിലെ റിട്ട. പി.ടി. അധ്യാപകനായിരുന്നു കേശവൻ.