ദുബായ് : എക്സ്പോ 2020-ൽ അംഗോള ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ‘കണക്ഷൻസ്’ കലാസമാഹാര പ്രദർശനം സമാപിച്ചു. അംഗോള പവിലിയന്റെ ആശയമായ ‘നവീകരിക്കാൻ പാരമ്പര്യവുമായി ബന്ധിപ്പിക്കുന്നു’ എന്നതിനെ മുൻനിർത്തി രാജ്യത്തിന്റെ ആറു തലമുറകളിൽപ്പെട്ട ഏറ്റവും പ്രഗല്ഭരായ 12 കലാകാരൻമാരെ അവതരിപ്പിച്ചുകൊണ്ടായിരുന്നു പ്രദർശനം നടന്നത്. ചിത്രങ്ങൾമുതൽ വെങ്കല ശില്പങ്ങൾവരെയുള്ള സമകാലികവും പരമ്പരാഗതവുമായ കലാസൃഷ്ടികൾ ശേഖരത്തിലുണ്ടായിരുന്നു.

റീസൈക്കിൾ ചെയ്ത പേപ്പർ, ഫാബ്രിക്, ഹെസിയൻ, കോട്ടൺ ത്രെഡ്, പ്ളാസ്റ്റിക്, ഷെല്ലുകൾ, അക്രിലിക് പെയിന്റ് എന്നിവയുപയോഗിച്ച് നിർമിച്ച കാൻവാസുകളിൽ അംഗോളയുടെ മാത്രമല്ല, ആഫ്രിക്കയുടെ മുഴുവൻ പൈതൃകവും ചരിത്രവും അടയാളപ്പെടുത്തി കലയുടെ വൈവിധ്യവും സർഗാത്മകതയും പ്രകടമാക്കിയായിരുന്നു പ്രദർശനം. അംഗോളൻ സംസ്കാരത്തിലും പൈതൃകത്തിലും വേരൂന്നിയ വിവിധ കലാരൂപങ്ങളും പ്രദർശനത്തിലുണ്ടായി.