ദുബായ് : തൊഴിലാളികൾക്ക് ഓരോ മാസവും കൃത്യസമയത്ത് മുഴുവൻ ശമ്പളവും നൽകണമെന്ന് സ്വകാര്യ കമ്പനികൾക്ക് യു.എ.ഇ. സർക്കാർ മുന്നറിയിപ്പ് നൽകി.

നിശ്ചിത തീയതികളിൽ വേജ് പ്രൊട്ടക്‌ഷൻ സംവിധാനത്തിലൂടെ (ഡബ്ല്യു.പി.എസ്.) ആയിരിക്കണം ശമ്പളം കൈമാറ്റം ചെയ്യേണ്ടതെന്നും മാനവ വിഭവശേഷി മന്ത്രാലയം തിങ്കളാഴ്ച സ്വകാര്യ കമ്പനികളെ ഓർമിപ്പിച്ചു.

ജീവനക്കാർക്കുള്ള ശമ്പളം ബാങ്ക് അക്കൗണ്ടിലൂടെ ആയിരിക്കണം നൽകേണ്ടത്. ചുമതലകൾ നിറവേറ്റുന്ന പ്രതിബദ്ധതയ്ക്ക് പകരമായി തൊഴിലാളികൾ വേതനം ലഭിക്കാനുള്ള അവകാശം ഉറപ്പാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മഹേർ അൽ ഒബേദ് പറഞ്ഞു. കൃത്യസമയത്ത് കൃത്യമായ ശമ്പളം നൽകിയാൽ തൊഴിലാളിയുടെ ഉത്പാദനക്ഷമത വർധിക്കും.

2009-ൽ നിലവിൽവന്ന ഡബ്ല്യു.പി.എസ്. സംവിധാനം യഥാസമയം വേതനം ഉറപ്പാക്കുന്നു. വേതന സംരക്ഷണവുമായി ബന്ധപ്പെട്ട് 2016-ലെ മന്ത്രിതല ഉത്തരവ് നമ്പർ 739 അനുസരിച്ച് മന്ത്രാലയത്തിൽ രജിസ്റ്റർചെയ്ത എല്ലാ കമ്പനികളും ഡബ്ല്യു.പി.എസ്. സംവിധാനത്തിലൂടെ ശന്പളം നൽകിയിരിക്കണം.

ശമ്പളം നൽകാൻ വൈകുന്ന കമ്പനികൾക്കും നിയമങ്ങൾ പാലിക്കാത്തവർക്കും അധികൃതർ കനത്ത പിഴ ചുമത്തും. നിശ്ചിത തീയതികഴിഞ്ഞ് 10 ദിവസത്തിനകം വേതനം കൈമാറ്റം ചെയ്യപ്പെട്ടില്ലെങ്കിൽ അത് നിയമലംഘനമാണ്. പിഴ ഒഴിവാക്കാൻ കമ്പനി തെറ്റായ വിവരങ്ങൾ സമർപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 5000 ദിർഹം എന്ന രീതിയിലും ഒട്ടേറെ ജീവനക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരമാവധി 50,000 ദിർഹവും കമ്പനിക്ക് പിഴ ചുമത്തും.

ഡബ്ല്യു.പി.എസ്. സംവിധാനത്തിലൂടെ നിശ്ചിത തീയതിക്കകം ശമ്പളം നൽകിയില്ലെങ്കിൽ ഒരു തൊഴിലാളിക്ക് 1000 ദിർഹം എന്ന രീതിയിലാണ് പിഴ ചുമത്തുക. വ്യാജ സാലറി സ്ലിപ്പിൽ ഒപ്പിട്ട് നൽകിയാൽ ഒരു തൊഴിലാളിക്ക് 5000 ദിർഹം എന്ന രീതിയിൽ പിഴചുമത്തും. മന്ത്രാലയത്തിൽ രജിസ്റ്റർചെയ്തിട്ടുള്ള എല്ലാ കമ്പനികളും വ്യാപാരസ്ഥാപനങ്ങളും ഡബ്ല്യു.പി.എസ്. സൈൻ അപ്പ് ചെയ്തിരിക്കണം.

അംഗീകൃത സംവിധാനത്തിലൂടെവേണം ശമ്പളം കൈമാറ്റം ചെയ്യാൻ. ശമ്പളം കൈമാറ്റത്തിനായി തൊഴിലുടമകൾക്ക് ‘സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്’ സേവനവും ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.