ദുബായ് : കുട്ടികൾ സ്വന്തമായി കോഡ് എഴുതി നിർമിച്ച വെബ്‌സൈറ്റുകൾ പുറത്തിറക്കി ഒരേസമയം ഏറ്റവും കൂടുതൽ അംഗങ്ങൾ പങ്കെടുത്ത വെബ് ഡെവലപ്‌മെന്റ് ഹാങ്ഔട്ട് സംഘടിപ്പിച്ചതിൽ ലോക റെക്കോഡിട്ട് സ്കൂളുകൾ. യു.എ.ഇ.യിലെ ഹാബിറ്റാറ്റ് സ്കൂളുകളാണ് രണ്ടാംതവണയും ഗിന്നസ് ബുക്കിൽ ഇടംനേടിയത്. 2019-ൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ തൈകൾ വിതരണം ചെയ്തതിനായിരുന്നു സ്കൂൾ ആദ്യം ഗിന്നസ് ബുക്കിലെത്തിയത്.

ഹാബിറ്റാറ്റ് സ്കൂൾ ഗ്രൂപ്പിന്റെ മൂന്ന് സ്കൂളുകളായ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അജ്മാൻ, ഹാബിറ്റാറ്റ് സ്കൂൾ അൽ ജർഫ് അജ്മാൻ, ഹാബിറ്റാറ്റ് സ്കൂൾ അൽ തല്ലാഹ് അജ്മാൻ എന്നീ സ്കൂളുകളിൽനിന്നുള്ള നാലുമുതൽ 12 വരെ ഗ്രേഡുകളിലെ 2803 വിദ്യാർഥികൾ ഈ വീഡിയോ ഹാങ്ഔട്ടിൽ വിജയകരമായി പങ്കെടുത്തു. വൈപെ ജമൈക്കയിൽ സ്ഥാപിച്ച റെക്കോഡിനെയാണ് ഹാബിറ്റാറ്റ് സ്കൂൾ കുട്ടികൾ മറികടന്നിരിക്കുന്നത്. ഗൾഫിൽ കോഡിങ് മേഖലയിൽ ഇതാദ്യമായാണ് ഇങ്ങനെയൊരു പരിപാടി നടത്തുന്നത്. ഗിന്നസ് വേൾഡ് റെക്കോഡ് അംഗങ്ങൾ നേരിട്ട് സന്ദർശിച്ചാണ് റെക്കോഡ് സ്ഥിരീകരിച്ചത്.

ഹാബിറ്റാറ്റ് സ്കൂളുകളിൽ കോഡിങ്ങിന്റെ രംഗത്ത് കഴിഞ്ഞ ഏഴുവർഷമായി നടന്നുവരുന്ന പ്രവർത്തനങ്ങളുടെ ഫലമാണ് ഈ ഗിന്നസ് റെക്കോഡ്. കോഡർമാരെയും ഡിജിറ്റൽ സാങ്കേതികവിദ്യയെയും പ്രോത്സാഹിപ്പിച്ച് സാങ്കേതിക നവീകരണത്തിൽ കുതിച്ചുയരാൻ യു.എ.ഇ. തയ്യാറെടുക്കുമ്പോൾ, രാജ്യത്തിന്റെ ഈ ദൗത്യത്തിന് സംഭാവന നൽകുന്നത് സന്തോഷകരമായ ദൗത്യമായി ഹാബിറ്റാറ്റ് സ്കൂളുകൾ കണക്കാക്കുന്നുവെന്ന് സ്കൂൾ ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു.

ഹാബിറ്റാറ്റ് സ്കൂൾ മാനേജിങ് ഡയറക്ടർ ഷംസു സമാൻ സി.ടി., എൻ.പി. മുഹമ്മദ് ഹാരിസ്, സി.ഇ.ഒ. സി.ടി. ആദിൽ, അക്കാദമിക് ഡീൻ വസീം യൂസഫ് ഭട്ട്, സ്കൂൾ പ്രിൻസിപ്പൽമാരായ ഖുറത്ത് ഐൻ, മറിയം നിസാർ, ബാലറെഡ്ഡി അമ്പാടി, കംപ്യൂട്ടർ സയൻസ് അധ്യാപകർ എന്നിവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.