ഷാർജ : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ നേരിയ പനിയും തൊണ്ടവേദനയുമായാണ് പലരിലും തുടക്കത്തിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായുള്ള പകർച്ചപ്പനിയും യു.എ.ഇ.യിൽ വ്യാപകമായി കാണുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ നേരിയ പനിപോലും നിസ്സാരമായി കാണരുതെന്ന് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു. പനിബാധിച്ചിട്ടും കോവിഡിനെ ഭയന്ന് പരിശോധനയ്ക്ക് പോകാതിരിക്കുന്നവരുണ്ട്. സാധാരണ പകർച്ചപ്പനി മാത്രമാണോ അതോ കോവിഡ് രോഗലക്ഷണമാണോ എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തുന്നത് നല്ലതാണ്.

കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കാതെയാണ് ഒമിക്രോൺ പലരിലും പിടിപെടുന്നത്. കോവിഡ് ബാധിച്ചാൽ വല്ലാതെ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ശരിയായ വിശ്രമവും കൃത്യമായ ആഹാരക്രമവും ഉറക്കവും കൂടുതൽ വെള്ളംകുടിക്കുകയുമാണ് പ്രധാനമെന്ന് അജ്മാനിലെ മുതിർന്ന ഫിസിഷ്യൻ ഡോ. ഭാസ്കരൻ കരപ്പാത്ത് പറഞ്ഞു.

രോഗംവരാതിരിക്കാൻ ബൂസ്റ്റർ ഡോസ് അടക്കമുള്ള വാക്സിൻ പ്രതിരോധനടപടികൾ നിർബന്ധമായും സ്വീകരിക്കണം. പനിപിടിച്ചാൽ വീടുകളിൽ നിർബന്ധമായും വിശ്രമിക്കണം.

അനാവശ്യമായി പുറത്തിറങ്ങി കറങ്ങിനടക്കുന്നവർ മറ്റുള്ളവർക്കുകൂടി രോഗം വ്യാപിപ്പിക്കുകയാണ്. വീടുകളിൽ പൾസ് ഓക്സീമീറ്റർ നിലവിലെ സാഹചര്യത്തിൽ കരുതിവെക്കുന്നത് നല്ലതാണ്. രണ്ടുദിവസമായിട്ടും പനി വിട്ടുമാറുന്നില്ലെങ്കിൽ ഡോക്ടർമാരുടെ സേവനം തേടണം. വരുംദിവസങ്ങളിലും തണുപ്പും ശീതക്കാറ്റുമുണ്ടാവാൻ സാധ്യതയേറെയാണ്. ഈ സാഹചര്യത്തിൽ പനി, തൊണ്ടവേദന, ജലദോഷം എന്നിവയുടെ സാധ്യത തള്ളിക്കളയാൻ പാടില്ലെന്നും ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നു.

വീടുകളിലോ ജോലിസ്ഥലങ്ങളിലോ ഒരാൾക്ക് പനിബാധിച്ചാൽ ഉടൻ അടുത്തയാൾക്കും പകരുന്നത് വർധിച്ചിട്ടുണ്ട്. പനിബാധിച്ചവരും പനിയുടെ ലക്ഷണങ്ങൾ കണ്ടുവരുന്നവരും ജോലിസ്ഥലങ്ങളിൽനിന്ന്‌ വിട്ടുനിൽക്കുന്നതാണ് ഉചിതം. അടുത്തയാൾക്ക് പകരാതിരിക്കാൻ അതുപകരിക്കും. വീടുകളിൽ ഒരാൾക്ക് ബാധിച്ചാൽ കുടുംബങ്ങളുമായോ കൂടെത്താമസിക്കുന്നവരുമായോ അകലം പാലിക്കുന്നത്‌ രോഗ്യവ്യാപനത്തോത് കുറയ്ക്കും.

വാഹനങ്ങളിലുംമറ്റും സീറ്റുകൾ തമ്മിലുള്ള അകലം പാലിക്കാൻ കൂടുതൽ ബോധവത്കരണം അനിവാര്യമാണെന്ന് സന്നദ്ധപ്രവർത്തകർ പറയുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി കോവിഡ് നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് യു.എ.ഇ.യിലെ വിവിധ മന്ത്രാലയങ്ങളും അഭ്യർഥിച്ചിട്ടുണ്ട്.