ഷാർജ : പ്രതിസന്ധിയിലായ സ്ഥാപനത്തിൽ ഒരുവർഷത്തിലേറെയായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന 60-ഓളം തൊഴിലാളികൾ ദുരിതത്തിൽ. റാസൽഖൈമ ഫ്രീസോണിലെ കണ്ണൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മാൻപവർ സപ്ലൈ കമ്പനിയിലാണ് തൊഴിലാളികൾ പട്ടിണിയുടെ വക്കിലായത്. ഈമാസം ഒന്നുമുതൽ കമ്പനിയുടെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണ്.

തൊഴിലാളികളിൽ ഏഴുപേർ മലയാളികളാണ്. തമിഴ്നാട്, രാജസ്ഥാൻ, ബിഹാർ, യു.പി, ബംഗ്‌ളാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മറ്റുള്ളവർ. കമ്പനിയിലെ 50 തൊഴിലാളികളുടെയും വിസാകാലാവധി കഴിഞ്ഞു. ചിലരുടെ പാസ്പോർട്ടിന്റെ കാലാവധിയും പൂർത്തിയായി. 15 വർഷത്തോളം പഴക്കമുള്ള കമ്പനിയുടെ ഉടമസ്ഥരിൽ രണ്ടുപേർ ജയിലിലാണെന്ന് മലയാളികളായ തൊഴിലാളികൾ പറയുന്നു. തുടക്കത്തിൽ നല്ല നിലയിൽ പ്രവർത്തിച്ച കമ്പനിയിൽ 120-ഓളം തൊഴിലാളികളുണ്ടായിരുന്നു. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ വൻകിട ഹോട്ടലുകളുടെയും മറ്റും ഇന്റീരിയർ ജോലിയായിരുന്നു കമ്പനി ഏറ്റെടുത്ത് നടത്തിയിരുന്നത്. മാസങ്ങളായി ശമ്പളമില്ലാത്തതിനാൽ കുടുംബത്തിന്റെ ചെലവിനുപോലും പണമയച്ചുകൊടുക്കാൻ സാധിക്കുന്നില്ലെന്ന് തൊഴിലാളികളായ ജോഷി (തൃശ്ശൂർ), സജി ജോൺ, രാധാകൃഷ്ണൻ (പത്തനംതിട്ട), രത്നരാജ് (തിരുവനന്തപുരം), പ്രകാശൻ (ആലപ്പുഴ) എന്നിവർ പറഞ്ഞു. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്നാണ് തൊഴിലാളികൾ പറയുന്നത്. ബില്ലടയ്ക്കാത്തതിനാൽ ഏതാനും ദിവസങ്ങൾക്കകം ക്യാമ്പിലെ വൈദ്യുതിയും വെള്ളവും നിലയ്ക്കുമെന്ന ആശങ്കയും അവർ പങ്കുവെച്ചു.