ദുബായ് : നിശ്ചയദാർഢ്യക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെ സമൂഹത്തിൽ ഉൾപ്പെടുത്താനുമായി യു.എ.ഇ.യിൽ പുതിയ നിയമം പ്രഖ്യാപിച്ചു.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നിശ്ചയദാർഢ്യമുള്ളവർക്ക് സമഗ്ര വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന പുതിയ നിയമം പ്രഖ്യാപിച്ചത്. നിശ്ചയദാർഢ്യക്കാരുടെ അവകാശങ്ങളെക്കുറിച്ചും ബന്ധപ്പെട്ട സ്ഥാപനങ്ങൾ അവർക്ക് നൽകേണ്ട സേവനങ്ങളെക്കുറിച്ചും നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്.

വിദ്യാഭ്യാസം, പുനരധിവാസം, എല്ലാ മേഖലകളും ഉൾക്കൊള്ളുന്ന തൊഴിലവസരങ്ങൾ, ആരോഗ്യസംരക്ഷണം, ചികിത്സ, സാമൂഹിക സേവനങ്ങൾ എന്നിവയെക്കുറിച്ച് നിയമത്തിൽ വിശദമാക്കുന്നുണ്ട്. ആരാധന, പോലീസ്, നിയമസംവിധാനം തുടങ്ങിയ എല്ലാ സേവനങ്ങളും നിശ്ചയദാർഢ്യക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കാൻ കഴിയണം എന്നാണ് നിയമത്തിലെ പ്രധാന നിർദേശം.

ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിശ്ചയദാർഢ്യക്കാരോട് നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിയിക്കണമെന്നും നിർദേശമുണ്ട്. ഭിന്നശേഷിക്കാർക്ക് ബാങ്കിങ് സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കാനും വിവിധ കായിക വിനോദ പരിപാടികളിൽ പങ്കെടുക്കാനും കഴിയുമെന്നുറപ്പാക്കാനും നിയമം നിർദേശിക്കുന്നു.