ഷാർജ : വിദേശത്തുനിന്ന് നാട്ടിലെത്തുന്ന സാധാരണക്കാരായ പ്രവാസികളെ നിർബന്ധിത ക്വാറന്റീൻ നടപടികളുടെ പേരിൽ ബുദ്ധിമുട്ടിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രവാസി മലയാളികൾ പരാതികൾ അയച്ചുതുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക-റൂട്ട്‌സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരടക്കമുള്ളവർക്കാണ് പ്രവാസി സംഘടനകളും വ്യക്തികളുമെല്ലാം പരാതികളയച്ചത്.

ഗൾഫിൽനിന്ന് ബൂസ്റ്റർ ഡോസ് അടക്കമുള്ള കോവിഡ് വാക്സിനെടുത്ത്, ആർ.ടി.പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ് ഫലവുമായാണ് പ്രവാസികൾ നാട്ടിലെത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡിന്റെ പശ്ചാത്തലത്തിൽ ഏഴുദിവസത്തെ ക്വാറന്റീൻ വേണമെന്ന മാർഗനിർദേശം പൊതുവായി നടത്തിയപ്പോൾ കേരളം വിവേചനാധികാരമുപയോഗിച്ച് വിട്ടുവീഴ്ച ചെയ്യണമെന്നാണ് പ്രവാസി മലയാളികളുടെ ആവശ്യം. രണ്ടുവർഷത്തിലധികമായി നാട്ടിൽപോകാൻ സാധിക്കാത്ത മലയാളികൾക്ക് വീണ്ടും യാത്രാതടസ്സം മനഃപൂർവം സൃഷ്ടിക്കുകയാണ് കേരളം ചെയ്യുന്നതെന്നാണ് ഭൂരിഭാഗം പ്രവാസികളുടെയും പരാതി.

യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് യാത്രചെയ്യാൻ ആളില്ലാത്തതിനാൽ പകുതിയായി കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലെങ്കിലും പാവപ്പെട്ട തൊഴിലാളികളടങ്ങുന്ന പ്രവാസികൾക്ക് നാട്ടിലെത്താനുള്ള സാഹചര്യമാണ് മനഃസാക്ഷിയുള്ള ഇടതുപക്ഷ സർക്കാർ ചെയ്യേണ്ടതെന്നാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറയുന്നത്. ഇന്ത്യൻ അസോസിയേഷൻ ഇതുസംബന്ധിച്ച പരാതി മുഖ്യമന്ത്രിക്കടക്കം അയച്ചുകഴിഞ്ഞു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കാൻ ശ്രമിക്കുകയാണെന്നും പ്രവാസികളുടെ പ്രശ്നങ്ങൾ കൃത്യമായി അദ്ദേഹത്തെ ബോധ്യപ്പെടുത്തുമെന്നും വൈ.എ. റഹീം വ്യക്തമാക്കി. കൂടാതെ നിയമസഭാ സ്പീക്കർ എം.ബി. രാജേഷിനുമുന്നിലും പ്രവാസി പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ.

നിർബന്ധിത ക്വാറന്റീൻ നടപടികളിൽനിന്ന് ഗൾഫിൽനിന്നുള്ള മലയാളികളെ ഒഴിവാക്കണമെന്ന് ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റും ഇൻകാസ് ഭാരവാഹിയുമായ ഇ.പി. ജോൺസൺ ആരോഗ്യമന്ത്രി വീണാ ജോർജ്, നോർക്ക-റൂട്ട്‌സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ക്വാറന്റീൻ തീരുമാനം മാറ്റണം -ഐ.എം.സി.സി. കാസർകോട് ജില്ലാ കമ്മിറ്റി

പ്രവാസികൾക്കെതിരേ അനാവശ്യമായ ക്വാറന്റീൻ നടപടികൾ അടിച്ചേൽപ്പിച്ച് അവരെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണെന്ന് ഐ.എം.സി.സി. കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഹനീഫ് തുരുത്തി, മുഹമ്മദ് കുഞ്ഞി കൊത്തിക്കാൽ എന്നിവർ കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് സർക്കാരിലേക്ക് നിവേദനം അയക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഇൻകാസ് നിവേദനം നൽകി

വിദേശത്തുനിന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെത്തുന്ന പ്രവാസികൾക്ക് നിർബന്ധിത ക്വാറന്റീൻ ഇല്ലാത്ത സാഹചര്യത്തിൽ മലയാളികളോട് മാത്രം വൈരാഗ്യ മനോഭാവത്തോടെ കേരള സർക്കാർ പെരുമാറുകയാണെന്ന് ഇൻകാസ് യു.എ.ഇ. കമ്മിറ്റി നിവേദനത്തിൽ പറഞ്ഞു. പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക-റൂട്ട്‌സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്ക് നിവേദനം നൽകി. പി. ശ്രീരാമകൃഷ്ണനുമായി പ്രശ്നത്തിന്റെ ഗൗരവം ഫോണിൽ സംസാരിക്കുകയും ചെയ്തു. ശ്രീരാമകൃഷ്ണൻ പ്രവാസികൾക്ക് അനുകൂലമായാണ് സംസാരിച്ചതെന്നും ക്വാറന്റീൻ നടപടികൾ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും മഹാദേവൻ വാഴശ്ശേരിൽ പറഞ്ഞു.

ഗ്ലോബൽ പ്രവാസി അസോസിയേഷൻ

:നിർബന്ധിത ക്വാറന്റീനും പിന്നീടുള്ള ഏഴുദിവസം സ്വയം നിരീക്ഷണവും ആവശ്യപ്പെട്ടത് അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനമയച്ചു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ളവർക്കില്ലാത്ത നിർബന്ധിത വിലക്ക് മലയാളികൾക്കുമാത്രം അടിച്ചേൽപ്പിക്കുന്ന അശാസ്ത്രീയത മനസ്സിലാവുന്നില്ല. പാവപ്പെട്ട പ്രവാസികളുടെ നിസ്സഹായാവസ്ഥ സർക്കാർ മനസ്സിലാക്കണമെന്നും നിവേദനത്തിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചൂണ്ടിക്കാട്ടി.