ദുബായ് : തിരുവനന്തപുരം വിമാനത്താവളത്തിലെ കോവിഡ് പരിശോധന സംബന്ധിച്ച് യു.എ.ഇ.യിലെ സാമൂഹികപ്രവർത്തകൻ അഷറഫ് താമരശ്ശേരിയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന് മൈക്രോ ഹെൽത്ത് സി.ഇ.ഒ.യും എം.ഡി.യുമായ ഡോ. സി.കെ. നൗഷാദ് പറഞ്ഞു. കേരളത്തിലെ വിമാനത്താവളങ്ങളിലെ റാപ്പിഡ് പരിശോധനാഫലത്തിന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ പരിശോധനയിൽ കോവിഡ് പോസിറ്റീവായതിനാൽ അഷറഫ് താമരശ്ശേരിയെ രണ്ടാംതവണയും പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. രണ്ടു പരിശോധനയിലും പോസിറ്റീവായിരുന്നു. ഷാർജയിലിറങ്ങിയശേഷമുള്ള പരിശോധനയിലും പോസിറ്റീവ് തന്നെയായിരുന്നു. ഒരുതവണ പോസിറ്റീവായാൽ നിശ്ചിത ദിവസത്തേക്ക് കോവിഡ് പരിശോധന നടത്താൻ പാടില്ല എന്ന നിയമവും അഷറഫ് താമരശ്ശേരി ലംഘിച്ചു. കോവിഡ് നിയമങ്ങൾ ലംഘിച്ചായിരുന്നു അഷറഫ് താമരശ്ശേരി യാത്ര നടത്തിയതെന്നും സി.കെ. നൗഷാദ് പറഞ്ഞു.

വിമാനത്താവളത്തിലെ റാപ്പിഡ് പരിശോധനാനിരക്ക് നിശ്ചയിക്കുന്നതും തങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നതും എയർപോർട്ട് അതോറിറ്റിയും കേരള സർക്കാരുമാണ്. സർക്കാർ നിയന്ത്രണത്തിലുള്ള വിമാനത്താവളമായതിനാൽ കരിപ്പൂരിൽ വാടകയിലും പലവിധ ഫീസിലും ഇളവ് കിട്ടി. അതുകൊണ്ടാണ് കരിപ്പൂർ വിമാനത്താവളത്തിൽ റാപ്പിഡ് പരിശോധനാനിരക്ക് കുറയ്ക്കാൻ സാധിച്ചതെന്നും മൈക്രോ ഹെൽത്ത് അധികൃതർ പറഞ്ഞു. മൈക്രോ ഹെൽത്ത് സി.ഒ.ഒ. ദിനേശ്കുമാർ, ഡയറക്ടർ വി.പി. അഹ്‌മദ്, ഡോ. ജിഷ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.