ദുബായ് : എക്സ്‌പോ 2020-ലെ ഇന്ത്യൻ പവിലിയനിൽ മികവിന്റെ നൂറാംദിനം ആഘോഷിക്കുന്നു. കേന്ദ്ര വാണിജ്യ വ്യവസായ ഉപഭോക്തൃകാര്യ മന്ത്രി പിയുഷ് ഗോയൽ ആഘോഷപരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഒക്ടോബർ ഒന്നിന് തുടക്കം കുറിച്ച് ജനുവരി എട്ടുവരെയുള്ള ദിവസങ്ങളിൽ 7,40,356 ആളുകളാണ് ഇന്ത്യൻ പവിലിയനിൽ സന്ദർശനം നടത്തിയത്. എക്സ്‌പോയിൽ ഏറ്റവുമധികം സന്ദർശകരെത്തിയ പവിലിയനുകളിൽ ഒന്നുകൂടിയാണിത്.

‘ഇന്ത്യൻ പവിലിയൻ വിജയകരമായ നൂറാം ദിവസത്തിന്റെ തിളക്കത്തിൽ. സാധ്യതകളുടെ വാതിലുകളാണ് പവിലിയനിൽ തുറക്കപ്പെടുന്നത്. എല്ലാവരും ഇവിടെയെത്തി വിജയാഘോഷത്തിന്റെ ഭാഗമാകണം’- മന്ത്രി പിയുഷ് ഗോയൽ ട്വീറ്റ് ചെയ്തു. വിനോദസഞ്ചാര വാരാചരണം, ജമ്മു കശ്മീർ വാരാചരണം തുടങ്ങി വ്യത്യസ്ത ആശയങ്ങളിൽ വിവിധ ഇന്ത്യൻ മേഖലകളുടെ സാധ്യതകൾ പങ്കുവെക്കുന്ന പരിപാടികളും ആഘോഷങ്ങളും സെമിനാറുകളും നിക്ഷേപകസമ്മേളനങ്ങളുമാണ് ഇവിടെ നടന്നുവരുന്നത്.

ഒട്ടേറെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ആഗോള ശ്രദ്ധനേടിക്കൊടുക്കുന്നതിൽ പവിലിയൻ ഇതിനകം നിർണായക പങ്കാണ് വഹിച്ചത്. ഇന്ത്യയിൽ നിന്നുള്ള ഭരണകർത്താക്കളും സംരംഭകരും നിക്ഷേപകരും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുമടക്കമുള്ളവർ പവിലിയനിൽ സന്ദർശനം നടത്തിയിട്ടുണ്ട്.