അബുദാബി : പോലീസ് സേവന സംവിധാനമായ അമാൻ സർവീസിലേക്ക് 2021-ൽ എത്തിയത് ഒന്നരലക്ഷം ഫോൺകോളുകൾ. മേഖലയിലെ സുരക്ഷയുറപ്പാക്കാൻ ഏറ്റവും മികച്ച സേവനങ്ങളാണ് ഇക്കാലയളവിൽ ലഭ്യമാക്കിയതെന്ന് അബുദാബി പോലീസ് സെക്യൂരിറ്റി ഇൻഫർമേഷൻ മാനേജ്മെന്റ് ഡയറക്ടർ ഡോ. സുൽത്താൻ ഒബൈദ് അൽ നുഐമി പറഞ്ഞു. കോവിഡ് സുരക്ഷയുറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് സേവനകേന്ദ്രംവഴി തീരുമാനങ്ങൾ കൈക്കൊണ്ടു. മുഴുവൻ സമയവും പ്രവർത്തിക്കുന്ന കേന്ദ്രം അറബി, ഇംഗ്ലീഷ് ഭാഷകൾക്കുപുറമെ വിവിധ ഏഷ്യൻ ഭാഷകളിലും സേവനങ്ങൾ ലഭ്യമാക്കിവരുന്നു. യു.എ.ഇ.യിലുള്ളവർക്ക് 8002626 എന്ന നമ്പറിൽ നേരിട്ട് വിളിച്ചും വിദേശങ്ങളിൽനിന്ന് 009718002626 എന്ന നമ്പറിൽ വിളിച്ചും 2828 എന്ന നമ്പറിൽ ടെക്‌സ്റ്റ്‌ മെസേജായും പോലീസ് ആപ്പ്, വെബ്സൈറ്റ് വഴിയും സർവീസുകൾ ലഭിക്കും.