ദുബായ് : പ്രിയപ്പെട്ടവർക്കിടയിൽ പരുത്തിപ്പുള്ളിക്കാരുടെ തമ്പ്രാൻ എന്നറിയപ്പെട്ടിരുന്ന പാലക്കാട് സ്വദേശി രവി ശങ്കർ 30 വർഷത്തെ പ്രവാസം മതിയാക്കുന്നു. 165 വർഷം പഴക്കമുള്ള നോർവീജിയൻ മൾട്ടി നാഷണൽ ഷിപ്പിങ് കമ്പനിയിലെ ഉന്നതപദവിയിലിരിക്കെയാണ് പ്രവാസം നിർത്തി മടങ്ങുന്നത്. പാലക്കാട് അസോസിയേഷൻ പ്രസിഡന്റ്, യു.എ.ഇ. പാലക്കാട് ബിസിനസ് ഗ്രൂപ്പ് വൈസ് ചെയർമാൻ, 2007 മുതൽ പാലക്കാട് എൻ.ആർ.ഐ. ട്രസ്റ്റ് വൈസ് ചെയർമാൻ, പാലക്കാട് ഇൻഫ്രാ ഫെസിലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, പി.എൻ.ടി. സ്കൂൾ സ്ഥാപകൻ, പാലക്കാടുള്ള ലോജിസ്റ്ററിക് പാർക്ക് സ്ഥാപകൻ എല്ലാമായിരുന്നു. ഇൻകാസ് യു.എ.ഇ.യുടെ ഗ്ലോബൽ എക്സിക്യുട്ടീവ് കമ്മിറ്റിയംഗംകൂടിയായിരുന്നു. പെരിങ്ങോട്ടുകുറിശ്ശിയിൽ രവിശങ്കറിന്റെ സ്വപ്ന പദ്ധതിയായ മാനവീയം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൂടിയാണ്. 16 വാർഡുകളിലെ അവശതയനുഭവിക്കുന്നവർക്ക് മാനവീയം പാലിയേറ്റീവ് കെയർ സാന്ത്വനം നൽകുന്നുണ്ട്. പെരിങ്ങോട്ടുകുറിശ്ശിക്കാർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫ്രീ ആംബുലൻസ് സർവീസ്, 24 മണിക്കൂറും എത് ഗ്രൂപ്പിലുള്ള ബ്ലഡ് സേവനവും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ലഭ്യമാക്കുന്നുണ്ട്.
പൊതുസേവനങ്ങളിൽ കൂടുതൽ വ്യാപൃതനാവാൻകൂടിയാണ് പ്രവാസം അവസാനിപ്പിക്കുന്നത്. പ്രവാസ ജീവിതത്തിനിടയിൽ നാട്ടിലെ പാവപ്പെട്ട കുടുംബങ്ങളിലെ ഒട്ടേറെപേർക്ക് തൊഴിൽ നൽകി.
സാമൂഹ്യസേവനത്തിനുള്ള ചിരന്തന അവാർഡ് ഏറ്റുവാങ്ങിയിട്ടുണ്ട്. ഡോക്യുമെന്ററികളുടെ നിർമാതാവ് കൂടിയാണ് രവിശങ്കർ. ഭാര്യ വാസന്തി രവിശങ്കർ ഔവർ ഓൺ ഇന്ത്യൻ സ്കൂളിൽ അധ്യാപികയായിരുന്നു. മകൻ വരുൺ രവിശങ്കർ കാനഡയിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്നു.