ദുബായ് : കോവിഡ് സാഹചര്യത്തിലും ആവേശവും പ്രതാപവും കെടാതെ സൂക്ഷിക്കുകയാണ് ദുബായ്. അതിന് ഏറ്റവും വലിയ തെളിവാണ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) പുറത്തുവിട്ട ദുബായിലെത്തിയ യാത്രക്കാരുടെ കണക്ക്. 2020-ൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 1.7 കോടി പേരാണ് യാത്ര ചെയ്തത്. വിമാനത്താവളത്തിലെ പാസ്പോർട്ട് കൗണ്ടർ വഴി 1,78,89,183 പേരും സ്മാർട്ട് ഗേറ്റിലൂടെ 17,06,619 പേരുമാണ് യാത്രനടത്തിയതെന്ന് ജി.ഡി.ആർ.എഫ്.എ. മേധാവി മേജർ ജനറൽ മുഹമ്മദ് അഹമദ് അൽ മർറി വെളിപ്പെടുത്തി.
കോവിഡ് പ്രത്യേക സാഹചര്യങ്ങളെ നേരിടാനും സുരക്ഷിത യാത്രയ്ക്കുമായി വകുപ്പ് പ്രത്യേക സ്മാർട് പദ്ധതിയും ആവിഷ്കരിച്ചിരുന്നു. യാത്രാനിയന്ത്രണങ്ങൾക്ക് ശേഷം കഴിഞ്ഞ ജൂലായിലാണ് വിമാനഗതാഗതം പുനരാരംഭിച്ചത്. അതിനുശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. കർശന കോവിഡ് സുരക്ഷയോടെ ലോകമെമ്പാടുമുള്ള യാത്രക്കാരെ സ്വീകരിക്കാൻ ദുബായ് സന്നദ്ധമാണെന്നും അൽ മർറി വ്യക്തമാക്കി.
പുതുവത്സരാവധിയിൽ റെക്കോഡ്
പുതുവത്സരാവധി ദിനങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി അൽ മർറി പറഞ്ഞു. രാജ്യം സ്വീകരിച്ച കോവിഡ് മുൻകരുതൽ നടപടികളിലുള്ള ആത്മവിശ്വാസമാണ് സന്ദർശകരെ ആകർഷിച്ചത്.
സ്മാർട്ട് ഗേറ്റ് വീണ്ടും പുനരാരംഭിച്ചതും നടപടികൾ വേഗത്തിലാക്കി. മഹാമാരിയുടെ പ്രത്യാഘാതങ്ങളെ നേരിടാനും എല്ലാവർക്കും സംരക്ഷണം ഉറപ്പാക്കാനുമുള്ള യു.എ.ഇ. സർക്കാരിന്റെ അസാധാരണ ശ്രമങ്ങളെയും സൗജന്യ വാക്സിനേഷൻ പ്രചാരണങ്ങളെയും മേജർ ജനറൽ അൽ മർറി പ്രശംസിച്ചു.