ദുബായ് : വിതരണ സേവന രംഗങ്ങളിലെ ബൈക്ക് യാത്രികരുടെ സമഗ്ര സുരക്ഷയുറപ്പാക്കാൻ പദ്ധതിയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.). മോട്ടോർ സൈക്കിൾ ഉപയോഗം തൊഴിലിന്റെ ഭാഗമായി നടത്തുന്നവരുടെ സുരക്ഷയുറപ്പാക്കാനുള്ള വ്യവസ്ഥകൾ തൊഴിൽ അനുമതി പത്രത്തിൽ വിശദമാക്കിയിട്ടുണ്ട്.
വാഹനം, ബോക്‌സുകളുടെ വലുപ്പം, വിലവിവരം, മെഡിക്കൽ-പോലീസ് ക്ലിയറൻസ്, യൂണിഫോം, പരിശീലനം എന്നിവയെക്കുറിച്ചെല്ലാം ഇതിൽ വ്യക്തമാക്കിയതായി ആർ.ടി.എ. വാണിജ്യ ഗതാഗത വിഭാഗം ഡയറക്ടർ അബ്ദുല്ല ഇബ്രാഹിം അൽ മീർ പറഞ്ഞു. ഉല്ലാസത്തിലും വ്യക്തിപരമായ ഉപയോഗങ്ങൾക്കും വാണിജ്യപരമായി വിതരണ സേവനങ്ങൾക്കുമുള്ള മോട്ടോർസൈക്കിൾ ലൈസൻസുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ദുബായിലെ വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന മോട്ടോർ സൈക്കിൾ ഉപയോക്താക്കളെ വ്യാപകമായി ആശ്രയിക്കുന്നവരാണ് പൊതുജനങ്ങൾ. ജന ജീവിതത്തെ ഇത്രയധികം സ്വാധീനിക്കുന്ന തൊഴിൽ മേഖലയെന്നതിനാൽ അതിൽ ജോലി ചെയ്യുന്നവരുടെ പരിരക്ഷ ഏറ്റവും പ്രാധാന്യമർഹിക്കുന്നു. അതിനാൽ തൊഴിൽ അനുമതിപത്രത്തിൽ വിശദമാക്കിയ മുഴുവൻ കാര്യങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അബ്ദുല്ല ഇബ്രാഹിം അറിയിച്ചു.