അജ്മാൻ : കോവിഡ് സുരക്ഷാപരിശോധന വ്യാപകമാക്കി അജ്മാൻ. പാർക്കുകളിലും കൂടുതൽപ്പേർ എത്തുന്ന സ്ഥലങ്ങളിലും മുനിസിപ്പാലിറ്റി പരിശോധന ഊർജിതമാക്കിയിരിക്കുകയാണ്. മുൻകരുതൽ നടപടികൾ പാലിക്കാൻ പാർക്ക് സന്ദർശകർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. മുഖാവരണമില്ലാത്തവരെ ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിൽ വിലക്കും. പാർക്കുകളിൽ നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടതായി അധികാരികൾ വ്യക്തമാക്കി. പാർക്കിൽ മാലിന്യം നിക്ഷേപിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എല്ലാ പൊതുകേന്ദ്രങ്ങളിലും പാർക്കുകളിലും ശീഷ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചട്ടലംഘനങ്ങൾ നടത്തുന്നവർക്ക് പിഴയടക്കമുള്ള കനത്തശിക്ഷയാണ് ലഭിക്കുകയെന്ന് കാർഷിക പൊതു ഉദ്യാനവകുപ്പ് ഡയറക്ടർ അഹമ്മദ് സെയ്ഫ് അൽ മുഹൈരി പറഞ്ഞു.