ദുബായ് : യു.എ.ഇ. തിരുവനന്തപുരം തുരുത്തി പ്രവാസിക്കൂട്ടായ്മ പ്രസിഡന്റ് ഫസിലുൽഹഖ് 18 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. ജുമൈര റെസിഡൻറ്‌സ് അപ്പാർട്ട്‌മെന്റിൽ ജീവനക്കാരനായാണ് പ്രവാസജീവിതത്തിന് തുടക്കം.
പിന്നീട് ഏഴുവർഷം ഷാർജ സംസം ഓട്ടോ സ്പെയർ പാർട്ട്‌സ് ഷോറൂമിൽ ഡ്രൈവറായും അവിടെനിന്ന് അബുദാബി ബ്യൂടെക്ക് കമ്പനിയിൽ ഏഴ് വർഷം മെസഞ്ചറായും ജോലി ചെയ്തുവരികയായിരുന്നു. ജീവകാരുണ്യ മത സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
കോവിഡ് കാലത്ത് നിരവധിപേർക്ക് ആശ്വാസമേകിയിരുന്നു. ഷാർജ ഐ.എം.സി.സി. തിരുവനന്തപുരം ജില്ലാസെക്രട്ടറി, തുരുത്തി പ്രവാസി ഫൗണ്ടേഷൻ സെക്രട്ടറി, യു.എ.ഇ. അനന്തപുരി പ്രവാസിക്കൂട്ടായ്മ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്. തുരുത്തി മുസ്‌ലിം ജമാഅത്ത് ജോയന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിൽ തൊളിക്കോട് തുരുത്തി ഖദീജ മൻസിലിൽ പരേതരായ സി.പി. ഷാഹുൽ ഹമീദിന്റെയും, ഖദീജ ബിവിയുടെയും മകനാണ്. അസൂറ ബീഗമാണ് ഭാര്യ, മുഹമ്മദ് ഫർഹാൻ, അൽഫിയ ഫാത്തിമ മക്കളുമാണ്.