ദുബായ് : യാത്രാവിലക്ക് സൗദി അറേബ്യ പിൻവലിച്ചതോടെ യു.എ.ഇ.യിൽനിന്ന് വിമാന സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്‌സ് എയർലൈൻസ്. 11 മുതൽ സൗദി സർവീസുകൾ ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് വക്താവ് അറിയിച്ചു. ആഴ്ചയിൽ 24 സർവീസുകളാണ് യു.എ.ഇ.യിൽനിന്ന് സൗദിയിലേക്ക് ഉണ്ടാവുക. റിയാദിലേക്കും ജിദ്ദയിലേക്കും എല്ലാദിവസവും സർവീസുണ്ടാകും. ദമ്മാമിലേക്കുള്ള പ്രതിദിന സർവീസുകൾക്കുപുറമേ മദീനയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകളുണ്ടാകും. 16 മുതൽ റിയാദിലേക്കുള്ള വിമാനസർവീസുകൾ ഇരട്ടിയാക്കും.

ഈമാസം അവസാനത്തോടെ മറ്റുനഗരങ്ങളിലേക്ക് കൂടുതൽ സർവീസ് നടത്തും. യു.എ.ഇ. ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് എട്ട് മുതലാണ് സൗദി അറേബ്യ പിൻവലിച്ചത്. സൗദി സ്വദേശികൾക്ക് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും അനുമതി നൽകി. യു.എ.ഇ.ക്ക് പുറമെ അർജന്റീന, ദക്ഷിണാഫ്രിക്ക എന്നിവയാണ് വിലക്ക് നീക്കിയ മറ്റുരാജ്യങ്ങൾ. ഒക്ടോബർ എട്ടുമുതൽ സെയ്ന്റ് പീറ്റേഴ്‌സ്ബർഗിലേക്കും എമിറേറ്റ്‌സ് എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്നുണ്ട്.