ദുബായ് : എക്സ്‌പോ 2020 ദുബായ് സന്ദർശകർക്കായി പ്രത്യേക പാസ്പോർട്ട് സുവനീർ പുറത്തിറക്കി. എക്സ്പോ വേദിയിലെത്തുന്ന ദുബായ് നിവാസികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും പ്രത്യേക പാസ്പോർട്ട് സുവനീർ സ്വന്തമാക്കാൻ അവസരമുണ്ടെന്ന് എക്സ്‌പോ 2020 ദുബായ് അധികൃതർ അറിയിച്ചു.

182 ദിവസത്തെ പരിപാടിയിൽ സന്ദർശകർക്ക് കഴിയാവുന്നത്ര പവിലിയനുകൾ കാണാൻ പാസ്പോർട്ട് പ്രോത്സാഹിപ്പിക്കും. അതേസമയം സന്ദർശിച്ചതിന് ശേഷം അവരുടെ അനുഭവങ്ങൾ പുനർവിചിന്തനം ചെയ്യാൻ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. 1967-ൽ മോൺട്രിയലിൽ നടന്ന ലോക എക്സ്‌പോയിലാണ് ആദ്യമായി ഇത്തരത്തിൽ പാസ്പോർട്ട് സുവനീർ അവതരിപ്പിച്ചത്.

ഔദ്യോഗിക പാസ്‌പോർട്ട് പോലെ രൂപപ്പെടുത്തിയ 50 പേജുള്ള ബുക്ക്‌ലെറ്റിൽ മൂന്ന് തീമാറ്റിക് പവിലിയനുകളുടെ (ഓപ്പർച്യുനിറ്റി പവിലിയൻ, മൊബിലിറ്റി പവിലിയൻ, സസ്റ്റൈനിബിലിറ്റി പവിലിയൻ) ഡിസൈനുകളും ചിത്രങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ അൽവാസൽ പ്ലാസ, ദുബായ് നഗരത്തിന്റെ പ്രധാന ആകർഷണങ്ങൾ എന്നിവയും ചേർത്തിട്ടുണ്ട്. മഞ്ഞനിറത്തിലുള്ള പാസ്പോർട്ടിന് മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകളുണ്ട്. ഒരു യൂണിക്ക് നമ്പർ, പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ, വ്യക്തിഗതവിശദാംശങ്ങൾ, വാട്ടർമാർക്ക് ചെയ്ത ചിത്രങ്ങൾ എന്നിവ അതിന്റെ ഓരോപേജിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

യു.എ.ഇ. സുവർണജൂബിലി വർഷംകൂടി ആഘോഷിക്കുന്നതിനാൽ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെ അനുസ്മരിച്ചുകൊണ്ടാണ് പാസ്പോർട്ട് സുവനീർ പുറത്തിറക്കിയിരിക്കുന്നത്. ഡിസംബർ രണ്ടിന് എക്സ്‌പോ സന്ദർശിക്കുന്നവർക്ക് യു.എ.ഇ.യുടെ 50-ാം വർഷികത്തോട് അനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പും ലഭിക്കും. വ്യത്യസ്ത അന്താരാഷ്ട്ര പവിലിയനുകളിൽനിന്ന് ലഭിക്കുന്ന സ്റ്റാമ്പുകൾ ഒരു ഉപഹാരമായും സൂക്ഷിക്കാം. 20 ദിർഹമാണ് എക്സ്‌പോ 2020 ദുബായ് പാസ്പോർട്ട് സുവനീറിന്റെ വില. എക്സ്‌പോ വേദിയിലുടനീളം സ്ഥിതി ചെയ്യുന്ന എല്ലാ ഔദ്യോഗിക എക്സ്‌പോ 2020 ദുബായ് സ്റ്റോറുകളിലും ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ സ്ഥിതിചെയ്യുന്ന എക്സ്‌പോ 2020 ദുബായ് സ്റ്റോറിലും എക്സ്‌പോ 2020 ദുബായ്.കോം ഓൺലൈൻ സ്റ്റോറിലും ഇത് ലഭ്യമാണ്.

ഒക്ടോബർ ഒന്നുമുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്‌പോ 2020 ദുബായ്. 191 രാജ്യങ്ങളും ബഹുരാഷ്ട്ര സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഉൾപ്പെടെ 200-ലേറെ പങ്കാളികൾ ഇവിടെ ഒന്നിക്കും. മനുഷ്യ വൈദഗ്ധ്യം, നവീകരണം, പുരോഗതി, സംസ്കാരം എന്നിവയുടെ ആറ്ുമാസത്തെ ആഘോഷവേളയിൽ ഒരു പുതിയലോകം സൃഷ്ടിക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സന്ദർശകർ ഇവിടെ ഒത്തുചേരും.