ഷാർജ : വൻതുക ബാങ്കുകളിൽനിന്ന് വായ്പ വാങ്ങിച്ചും മാസങ്ങളോളം തൊഴിലാളികൾക്ക് ശമ്പളം നൽകാതെയും മലയാളിയായ കമ്പനിയുടമ മുങ്ങിയതായി ജീവനക്കാരുടെ പരാതി. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നീ എമിറേറ്റുകൾ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന 12-ഓളം സ്ഥാപനങ്ങളുടെ ഉടമയാണ് കടന്നുകളഞ്ഞതായി പരാതി ഉയർന്നിരിക്കുന്നത്. കൊച്ചി സ്വദേശിയായ ഉടമയ്ക്കെതിരേ തൊഴിലാളികൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

13,000-ത്തോളം തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളാണ് കൊച്ചി സ്വദേശി നടത്തിയിരുന്നത്. തൊഴിലാളികളിൽ ഭൂരിഭാഗവും മലയാളികളാണ്. ജെബൽ അലി, സോനാപൂർ, ഖിസൈസ്, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലെല്ലാം കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികൾ താമസിക്കുന്നുണ്ട്. സാധാരണ തൊഴിൽമുതൽ ഉയർന്ന തസ്തികകളിൽ വരെ ജോലിചെയ്യുന്നവരുണ്ട്. ഓഫീസ് ജീവനക്കാർക്ക് നാലുമാസത്തേയും തൊഴിലാളികൾക്ക് രണ്ടുമാസത്തേയും ശമ്പളം ലഭിക്കാനുണ്ട്.

കെട്ടിടനിർമാണമടക്കമുള്ള പ്രവൃത്തികളാണ് കമ്പനി ഏറ്റെടുത്ത് നടത്തിയിരുന്നത്. കൂടാതെ യു.എ.ഇ.യിലെ വിവിധ കമ്പനികൾക്ക് ഉപ കരാറുകളും നൽകിവരുന്നു. യു.എ.ഇ.യിലെ വൻകിട കമ്പനികളുടെ നിർമാണ പദ്ധതികൾ ഏറ്റെടുത്ത് മുൻകൂറായി പണം വാങ്ങിയതായും തൊഴിലാളികൾ പറയുന്നു. കമ്പനിയുടമയെ കൂടാതെ ഉയർന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരും സ്ഥലംവിട്ടതായാണ് തൊഴിലാളികളുടെ അന്വേഷണത്തിൽ മനസ്സിലായത്. ബാങ്ക് വായ്പയും മറ്റു സാമ്പത്തിക ബാധ്യതകളുമുള്ള തൊഴിലാളികളുമുണ്ട്. ഉടമ തിരിച്ചുവരികയോ മറ്റാരെങ്കിലും കമ്പനി ഏറ്റെടുക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. പരാതി ലഭിച്ചതനുസരിച്ച് വ്യാഴാഴ്ച പോലീസ് ക്യാമ്പുകളിലെത്തി തൊഴിലാളികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു.