ദുബായ് : അപകടങ്ങളിലും പൊതുസുരക്ഷയ്ക്ക് വെല്ലുവിളിയുയരുന്ന സാഹചര്യങ്ങളിലും സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഫസ്റ്റ് റെസ്‌പോൺഡർ ഫോഴ്‌സിൽ (ഫസ്റ്റ് ആർ.എഫ്.) ആദ്യ വനിതാ ഓഫീസർമാർ ചുമതലയേറ്റു.

31 മുതിർന്ന വനിതാ പോലീസ് ഓഫീസർമാരാണ് ഫസ്റ്റ് ആർ.എഫിലെത്തുക. പോലീസ് അക്കാദമിയിലും പുറത്തുമായി നടക്കുന്ന ഒട്ടേറെ പരിശീലന പദ്ധതികളുടെ ഭാഗമായവരാണിവർ. ഷൂട്ടിങ്, റൈഡ് ഓപ്പറേഷൻസ് എന്നിവയിലുള്ള പ്രായോഗിക പരിശീലന പ്രകടനവും നടന്നു. ഫസ്റ്റ് ആർ.എഫിലേക്കുള്ള വനിതാ ഓഫീസർമാരുടെ കടന്നുവരവ് പൊതുസേവനരംഗം ശക്തമാക്കുന്നതിനൊപ്പം സ്ത്രീശാക്തീകരണത്തിന്റെ ഉത്തമഉദാഹരണമായി കൂടി കണക്കാക്കപ്പെടുമെന്ന് ദുബായ് പോലീസ് ചീഫ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പറഞ്ഞു. ദുബായ് ഗവൺമെന്റ് വനിതകൾക്ക് വിവിധ മേഖലകളിൽ വലിയ സാധ്യതകളാണ് തുറന്നുനൽകുന്നത്.