ദുബായ് : ടോക്യോ പാരാലിമ്പിക്സിലെ യു.എ.ഇ. പ്രതിനിധിസംഘമായ അൽ തിഖാ ക്ലബ്ബ് അംഗങ്ങൾക്ക് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സ്വീകരണം നൽകി. വരാനിരിക്കുന്ന എല്ലാ പ്രാദേശിക, അന്താരാഷ്ട്ര ടൂർണമെന്റുകളിലും പങ്കെടുക്കാൻ എല്ലാ ആശംസകളും നേർന്നു. ഷാർജ സ്പോർട്‌സ് കൗൺസിൽ ചെയർമാൻ ഇസ്സാ ഹിലാൽ അൽ ഹസാമി, ഇമിറേറ്റ്‌സ് ഡിസേബിൾഡ് സ്പോർട്‌സ് ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ മൊഹമ്മദ് ഫദേൽ അൽ ഹംലി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞദിവസം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പാരാലിമ്പിക്സ് സംഘത്തെ നേരിൽക്കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. 50 മീറ്റർ റൈഫിൾ ത്രിപി മത്സരത്തിൽ യു.എ.ഇ.ക്കുവേണ്ടി ആദ്യ സ്വർണം നേടിയ ഷൂട്ടിങ് താരം അബ്ദുള്ള സുൽത്താൻ അൽ അൽ അര്യാനി, ഒളിമ്പിക് സ്റ്റേഡിയത്തിൽ 100 മീറ്റർ ടി34 വീൽച്ചെയറിൽ വെങ്കലം നേടി ഗെയിംസിൽ രാജ്യത്തെ ആദ്യ മെഡൽ ഉറപ്പിച്ച മുഹമ്മദ് അൽ ഹമ്മദി തുടങ്ങിയവർ ഉൾപ്പെടെയാണ് ആദരം ഏറ്റുവാങ്ങിയത്.