ദുബായ് : പൊതു ഉപയോഗത്തിനായി യു.എ.ഇ.യിലെ ആദ്യത്തെ സ്പെക്‌ട്രൽ ലൈബ്രറി വെബ്‌സൈറ്റ് തുറന്നു.

റിമോട്ട് സെൻസിങ് ഉപയോഗിച്ച് ഗ്രഹപഠനം, പരിസ്ഥിതിപഠനം, പരിശീലനം എന്നിവ നടത്തുന്ന യു.എ.ഇ.യിലെ ആദ്യകേന്ദ്രമാണിത്.

സായിദ് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് നാച്ചുറൽ ആൻഡ് ഹെൽത്ത് സയൻസസിലെ ഹൈപ്പർ സ്പെക്‌ട്രൽ റിമോട്ട് സെൻസിങ് സെന്ററാണ് വെബ്‌സൈറ്റ് അവതരിപ്പിച്ചത്.

എമിറേറ്റ്‌സ് ബഹിരാകാശ ഏജൻസിയുടെ സഹായത്തോടെയാണ് കേന്ദ്രം സ്ഥാപിതമായിരിക്കുന്നത്. ബഹിരാകാശശാസ്ത്രം, കാലാവസ്ഥാ വ്യതിയാനം, സമുദ്രമലിനീകരണം, ജലസുരക്ഷ എന്നിവയുൾപ്പെടെയുള്ള പ്രധാനമേഖലകളിൽ ഒട്ടേറെ ഗവേഷണങ്ങൾ നടത്തി കേന്ദ്രത്തെയും അതിന്റെ അനുബന്ധ ലബോറട്ടറികളെയും ഇത് പിന്തുണയ്ക്കും.