അബുദാബി : കോവിഡിൽനിന്ന് ശക്തമായ സുരക്ഷയൊരുക്കുന്നതിൽ ലോകത്തിൽ ഒന്നാമതായി അബുദാബി. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡീപ്പ് നോളജ് ഗ്രൂപ്പ് (ഡി.കെ.ജി.) നടത്തിയ പഠന റിപ്പോർട്ടിലാണ് ലോകനഗരങ്ങളിൽ കുറ്റമറ്റ കോവിഡ് പ്രതിരോധമൊരുക്കുന്നതിൽ അബുദാബി ഒന്നാമതെത്തിയത്. അഞ്ച് വിഭാഗങ്ങളിലായി 114 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടന്നത്.

സർക്കാർ കാര്യക്ഷമത, വാക്സിനേഷൻ നിരക്ക്, ഹെൽത്ത്‌കെയർ മാനേജ്മെന്റ്, സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ്, ക്വാറന്റീൻ സംവിധാനങ്ങളുടെ കാര്യക്ഷമത എന്നിവയുടെ അടിസ്ഥാനത്തിലാണ് പഠനം നടന്നത്. അബുദാബി നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ രോഗബാധിതരുടെ എണ്ണവും മരണനിരക്കും കാര്യമായി കുറയ്ക്കുന്നതിന് സഹായകമായി.

കോവിഡ് വാക്സിനേഷൻ എല്ലാവരിലേക്കും എത്തിക്കുന്നതിന് കുറ്റമറ്റ സംവിധാനമൊരുക്കുന്നതിലും അബുദാബി വിജയിച്ചു. എമിറേറ്റിലെ ജനങ്ങൾക്കുപുറമേ ലോകരാജ്യങ്ങളിലേക്കുള്ള വാക്സിൻ വിതരണത്തിന് പ്രധാന ഹബ്ബായി പ്രവർത്തിക്കാനും വാക്സിൻ ക്ലിനിക്കൽ പരീക്ഷണം വിജയകരമായി നടപ്പാക്കാനും അബുദാബിക്കായി.

സാമ്പത്തിക രംഗത്തുണ്ടായ വെല്ലുവിളികളെ ശാസ്ത്രീയ സമീപനത്തിലൂടെ മറികടക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കാനായി. ഇതിലൂടെ അതിവേഗം പൂർവസ്ഥിതി പ്രാപിക്കാനും സാമൂഹിക സാംസ്‌കാരിക രംഗങ്ങളെ സജീവമാക്കാനുമായതായും പഠനം വ്യക്തമാക്കുന്നു.

മഹാമാരിക്കെതിരേ ഏറ്റവും ഫലപ്രദമായ പ്രതിരോധം തീർത്ത 50 ലോകനഗരങ്ങളാണ് പട്ടികയിലുള്ളത്. സിങ്കപ്പൂർ, സോൾ, ടെൽഅവീവ്, ദുബായ് എന്നിവയാണ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് നഗരങ്ങൾ. 2021 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ആദ്യ റിപ്പോർട്ടിലും അബുദാബിയായിരുന്നു ഒന്നാമത്. മഹാമാരി റിപ്പോർട്ടുചെയ്ത് ആഴ്ചകൾക്കകം തന്നെ നൂതന സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ഫീൽഡ് ആശുപത്രികൾ സ്ഥാപിച്ചും പരിശോധനാ കേന്ദ്രങ്ങളുടെ വിപുലമായ ശൃംഖലയൊരുക്കിയും പ്രതിരോധം കർശനമാക്കിയിരുന്നു. 88 ശതമാനം ആളുകൾക്കും ആദ്യഘട്ടത്തിൽത്തന്നെ വാക്സിൻ ലഭ്യമാക്കാനും അബുദാബിക്കായി.

അതേസമയം, ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വാക്സിൻ വിതരണം ചെയ്ത രാജ്യങ്ങളിൽ യു.എ.ഇ. ആണ് മുന്നിൽ. ‘വേൾഡ് ഇൻ ഡേറ്റ’ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, പൂർണമായും പ്രതിരോധ കുത്തിെവപ്പ്‌ എടുത്തവരുടെ ലോകത്തെ ഏറ്റവും ഉയർന്ന ശതമാനം യു.എ.ഇ.യിലാണ്. 78 ശതമാനം യു.എ.ഇ ജനത സമ്പൂർണ വാക്സിൻ നേടിയപ്പോൾ 89.07 ശതമാനം ജനത വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. പോർച്ചുഗലാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഇവിടെ 77 ശതമാനം താമസക്കാർക്ക് പൂർണ പ്രതിരോധ കുത്തിവെപ്പ് നൽകി. ഖത്തർ മൂന്നാം സ്ഥാനത്തുണ്ട്. ഇവിടെ 74 ശതമാനത്തിലേറെ പേർ വാക്സിൻ രണ്ടുഡോസും സ്വീകരിച്ചു. 100 പേർക്ക് 187.64 ഡോസ് എന്ന യു.എ.ഇ.യുടെ വിതരണ നിരക്കും ലോകത്തിലെ ഏറ്റവും ഉയർന്നതാണ്.

പ്രതിദിന കോവിഡ് കേസുകൾ യു.എ.ഇ.യിൽ കുറഞ്ഞുവരുകയാണെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഈ വർഷം ജനുവരി മാസത്തെ അപേക്ഷിച്ച് യു.എ.ഇ.യിൽ പ്രതിദിന കോവിഡ് കേസുകളിൽ 62 ശതമാനം കുറവുണ്ടായി.

എട്ടുമാസത്തിനിടെ ഓഗസ്റ്റ് 24-ന് ആദ്യമായി പ്രതിദിന കേസുകൾ 1,000-ത്തിന് താഴെയായി. കഴിഞ്ഞ 15 ദിവസമായി ഇത് 1,000-ത്തിന്‌ താഴെ തുടരുകയാണ്. രാജ്യത്തുടനീളം വാക്സിൻ വിതരണം ശക്തമായി തുടരുകയാണ്.