കുവൈത്ത് സിറ്റി : ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്ക് യാത്രാ വിമാനസർവീസുകൾ പുനഃരാരംഭിച്ചതായി കുവൈത്ത് എയർവേസ് അറിയിച്ചു. മുംബൈ, തിരുവനന്തപുരം, ചെന്നൈ, അഹമ്മദാബാദ്, കൊച്ചി, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ പുനഃരാരംഭിച്ചത്.

മുംബൈ, ഡൽഹി, കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ രണ്ട്‌ സർവീസുകൾ വീതവും ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റു ചില ഏഷ്യൻ നഗരങ്ങളിലേക്കും കുവൈത്ത് എയർവേസ് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താനിലെ ലഹോർ (ആഴ്ചയിൽ ഒന്ന്), ഇസ്ലാമാബാദ് (ആഴ്ചയിൽ രണ്ട് ), ബംഗ്ലാദേശിലെ ധാക്ക (ആഴ്ചയിൽ അഞ്ച്), ശ്രീലങ്കയിലെ കൊളംബോ (ആഴ്ചയിൽ ഒന്ന്) എന്നിങ്ങനെയാണ് മറ്റിടങ്ങളിലേക്കുള്ള സർവീസുകൾ.

ഏഴ് മുതൽ യാത്രാ വിമാനസർവീസുകൾ പുനഃരാരംഭിക്കുന്നതിന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകിയിരുന്നു. ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാനസർവീസുകളും ചൊവ്വാഴ്ച മുതൽ സജീവമായി. മുംബൈ, കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിൽനിന്ന് ഏഴ് വിമാനങ്ങളാണ് ചൊവ്വാഴ്ച കുവൈത്തിലെത്തിയത്.